കൊവിഡ് 19; മരണ നിരക്ക് 13,000 കടന്നു
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധിച്ച് ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 13,000 കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച് 13,017 മരണമാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകെ 3,04,999 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 94,798 പേര്‍ രോഗമുക്തി നേടി. 197,184 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 9,382 പേരുടെ നില ഗുരുതരമാണ്.
ഇറ്റലിയില്‍ മരണനിരക്ക് കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 793 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കോവിഡ്-19 ബാധിച്ചശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4,825 ആയി. 6,557 പേര്‍ക്കാണു ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 81,008 രോഗികളുമായി ചൈനയാണ് കണക്കില്‍ മുന്നില്‍നില്‍ക്കുന്നതെങ്കിലും 3,255 ആളുകള്‍ മാത്രമാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്.
ചൈനയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വന്‍ കുറവുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ്-19 പടര്‍ന്നുപിടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ദൃശ്യമാകുന്നത്. സ്‌പെയിനിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. 1,378 പേര്‍ മരിച്ച സ്‌പെയിനാണ് ഇറ്റലി കഴിഞ്ഞാല്‍ വൈറസിന്റെ ഭീകരത കൂടുതല്‍ അനുഭവിക്കുന്നത്.