കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ, അപേക്ഷ നൽകിയ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സിജെഎം കോടതി. കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയിൽ ശിവശങ്കറിനെ ‘മാധവൻ നായരുടെ മകൻ ശിവശങ്കർ’ എന്ന് മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു.
ശിവശങ്കറിനെ കോടതി അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കോടതി രൂക്ഷപരാമർശങ്ങൾ നടത്തുമ്പോൾ എം ശിവശങ്കറും വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരായിരുന്നു.
രൂക്ഷമായ വിമർശനമാണ് അന്വേഷണസംഘത്തിന് കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. ശിവശങ്കറിന്‍റെ ഉന്നതപദവികളെക്കുറിച്ച് കസ്റ്റംസ് എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പറയണമെന്ന് കോടതി പറഞ്ഞു. ”കോടതി രേഖയിലൊന്നും ശിവശങ്കറിന്‍റെ ഉന്നതമായ പദവികളെക്കുറിച്ച് കസ്റ്റംസ് പറയുന്നില്ല. മാധവൻനായരുടെ മകൻ ശിവശങ്കർ എന്ന് മാത്രമാണ് പറയുന്നത്. അതെന്തുകൊണ്ട്? അന്വേഷണ ഉദ്യോഗസ്ഥൻ ഇതിന് മറുപടി പറയണം”, കോടതി ആഞ്ഞടിച്ചു.
കേസിൽ മറ്റെല്ലാ ഏജൻസികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറിൽ എന്തിനാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങൾ തന്നെയല്ലേ ശിവശങ്കറിന്‍റെ ഫോൺ പിടിച്ചെടുത്തത്? – കോടതി ചോദിച്ചു.
ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണം എന്ന് പോലും കസ്റ്റംസ് ഹർജിയിൽ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി പറയുന്നു.
കസ്റ്റംസിനെതിരെ കടുത്ത വിമർശനം നടത്തിയ ശേഷമാണ് കസ്റ്റഡി അപേക്ഷയിൽ കോടതി വിധി പ്രസ്താവിച്ചത്. ശിവശങ്കർ വഹിച്ച പദവികൾ എണ്ണിയെണ്ണി പറഞ്ഞാണ് വിധി ജഡ്ജി ഡിക്റ്റേറ്റ് ചെയ്തത്. വിധിയിൽ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെന്നും, മുൻ ഐടി സെക്രട്ടറിയെന്നും പ്രത്യേകം പരാമർശിക്കുന്നു. ശിവശങ്കറിന്‍റെ ഔദ്യോഗിക പദവികളെ കുറിച്ചുള്ള കസ്റ്റംസിൻ്റെ മൗനം കോടതി വിധിയിൽ രേഖപ്പെടുത്തി.
കള്ളക്കടത്തിൽ എങ്ങനെയാണ് ശിവശങ്കർ ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നില്ലെന്ന് പറഞ്ഞ കോടതി, പക്ഷേ, ശിവശങ്കറിനെതിരെ ആരോപിക്കുന്ന കുറ്റം അതീവഗൗരവതരം തന്നെയാണെന്ന് നിരീക്ഷിച്ചു. ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണ് ഇത്. കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയം ശിവശങ്കർ ഉന്നത പദവികളിലായിരുന്നു. അധികാര ദുർവിനിയോഗം നടത്തിയോ എന്ന് കസ്റ്റംസ് തെളിയിക്കേണ്ടതുണ്ട്. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്. ഈ നാഹചര്യത്തിൽ 5 ദിവസത്തെ കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയാണ് ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരുന്നത്. ഉന്നത പദവി വഹിക്കുന്നവർ ഉൾപ്പെട്ട ഡോളർകടത്ത് കേൾവിയില്ലാത്തതെന്ന് ഈ കോടതിയും നിരീക്ഷിച്ചു.