ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങി മരിച്ചു
ന്യൂയോര്‍ക്ക്: ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങി മരിച്ചു. യുഎസ് സ്വദേശികളായ മുഹമ്മദ് മാലിക് എന്ന 35 കാരനും ഇദ്ദേഹത്തിന്റെ 26കാരി ഭാര്യ ഡോ.നൂര്‍ ഷായും ആണ് മരിച്ചത്. കരീബിയന്‍ ദ്വീപിലെ ആഘോഷത്തിന് ഇടെയാണ് ഇരുവരും മുങ്ങി മരിച്ചത്. മാന്‍ഹട്ടണില്‍ കോര്‍പ്പറേറ്റ് അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്.
കഴിഞ്ഞ ഒക്ടോബര്‍ 24ന് ആയിരുന്നു ന്യൂയോര്‍ക്ക് ലംഗോണ്‍ ഹെല്‍ത്തിലെ സര്‍ജിക്കല്‍ റെസിന്റായ നൂര്‍ ഷായും മുഹമ്മദ് മാലിക്കുമായുള്ള വിവാഹം നടക്കുന്നത്. ഇരുവരും പാക് വംശജരാണ്. വിവാഹത്തിന് ശേഷം ബഹാമാസിലെ തുര്‍ക്ക്സ് ആന്‍ഡ് കയ്ക്കോസ് ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇവര്‍ കഴിഞ്ഞത്. റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ ഒക്ടോബര്‍ 28ന് ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ നെഞ്ചൊപ്പമുള്ള വെള്ളത്തില്‍ നീന്തുന്നതിനിടെ വേലിയേറ്റത്തില്‍ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അപകട മരണം ആയിരുന്നു എങ്കിലും റിസോര്‍ട്ട് അധികൃതര്‍ക്ക് എതിരെ മാലിക്കിന്റെ കുടുംബം രംഗത്ത് എത്തി. അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനം ഉണ്ടായത്. ‘മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി വരുന്നുണ്ടെന്നും അവരുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കിയത്.