ലോക്ക്ഡൗണ്‍ ഭൂമിയിലല്ലേ..! ആകാശത്ത് വിവാഹാഘോഷം സംഘടിപ്പിച്ച് ദമ്പതികള്‍; പങ്കെടുത്തത് 130 പേര്‍
ചെന്നൈ: കൊറോണക്കാലത്ത് വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ വളരെ ലളിതമായി പരമാവധി ആളുകളെ കുറച്ചാണ് നടത്തുന്നത്. അതിനിടെ വളരെ വ്യത്യസ്തമായ ഒരു വിവാഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവാഹം നടന്നത് ഭൂമിയിലല്ല, ആകാശത്ത് വെച്ചായിരിന്നു.
മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള ഗംഭീര വിവാഹം നടന്നത്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ ആകാശത്തുവച്ച് വിവാഹവും നടന്നു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും സര്‍ക്കാര്‍ ലോക്ക് ടൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ച് ആ ചടങ്ങ് മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നടന്ന വിവാഹത്തില്‍ പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്‌നാട് സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വിവാഹം നടന്നിരിക്കുന്നത്.
‘സ്‌പൈസ്‌ജെറ്റിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കഴിഞ്ഞ ദിവസമാണ് മധുരയില്‍ നിന്ന് ബുക്ക് ചെയ്യുന്നത്. എയര്‍പോര്‍ട്ട് അധികൃതര്‍ ആകാശത്ത് വെച്ച് നടക്കുന്ന വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.’ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു.