അഴിമതി കേസ്: ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യുഎസ് കോടതിയുടെ ഉത്തരവ്
ഡൽഹി: ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യു എസ് കോടതിയുടെ ഉത്തരവ്. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതി നടപടി. നിലവിലുള്ള മൂന്ന് കേസുകളും സംയുക്ത വിചാരണയിൽ ഒരുമിച്ച് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ജുഡിഷ്യൽ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പരവിരുദ്ധമായ ഷെഡ്യൂളുകൾ ഒഴിവാക്കുന്നതിനുമാണ് തീരുമാനമെന്ന് കോടതി പറഞ്ഞു.
എല്ലാ കേസുകളും അദാനിക്കെതിരായ ക്രിമിനൽ കേസിന്റെ മേൽനേട്ടം വഹിക്കുന്ന ജില്ലാ ജഡ്ജ് നിക്കോളാസ് ജി ഗരൗഫിസിനെ ഏൽപ്പിക്കും. കേസുകളുെടെ പുനർ വിന്യാസം നടത്താൻ കോടതി ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി സൗരോർജ കരാർ ലഭിക്കുന്നതിന് 265 മില്യൺ യു എസ് ഡോളർ ( ഏകദേശം 2029 കോടി രൂപ ) കൈക്കൂലി നൽകിയെന്നാണ് അദാനിക്കും മറ്റുള്ളവർക്കുമെതിരെ ചുമത്തിയ കുറ്റം.
സോളാർ എൻർജി പദ്ധതികൾക്കായി അദാനി ഗ്രൂപ്പ് ഫണ്ട് സ്വരൂപിച്ച യു എസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും വിവരങ്ങൾ മറച്ചുവെച്ചതായി യു എസ് പ്രോസിക്യൂട്ടർമാർ നേരത്തെ ആരോപിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
തങ്ങൾ ഒരു നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണ് , എല്ലാ നിയമങ്ങളും പൂർണമായും അനുസരിക്കുന്നുവെന്നും കുറ്റാരോപണത്തെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രമെന്നും തെളിയിക്കപ്പെടുന്നത് വരെ പ്രതികൾ നിരുപരാധികളാണെന്ന് കരുതുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.
കേസിൽ അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് മറ്റൊരു പ്രതി തട്ടിപ്പിനും ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കുമെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നകുമായ പ്രസ്താനവകൾ നടത്തി കബളിപ്പിച്ചതായി ആരോപിക്കുന്നു.
വിവധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യമെന്നാണ് ആരോപണം. ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജി മുൻ സി ഇ ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചെന്നും കേസുണ്ട്.