അണിഞ്ഞൊരുങ്ങി വധു,വരനില്ലാതെ ആഘോഷപൂര്‍വ്വം സത്കാരം,കൊറാണക്കാലത്തെ മലയാളിക്കല്യാണത്തിന്റെ വിശേഷമിങ്ങനെ
എരുമപ്പെട്ടി:ചൈനയില്‍ നിന്നെത്തിയ വരന്‍ കൊറോണ നിരീക്ഷണത്തിലായാല്‍ എന്തു ചെയ്യും.നമ്മള്‍ മലയാളികളോടാണോ കളി.വരനില്ലാതെ തന്നെ വിവാഹഘോഷങ്ങള്‍ ഗംഭീരമായി തന്നെ നടത്തി. എരുമപ്പെട്ടിയിലാണ് സംഭവം.
കോറോണ നിരീക്ഷണത്തിലുള്ള വരന്‍ വിവാഹച്ചടങ്ങില്‍നിന്ന് ഒഴിഞ്ഞുനിന്നെങ്കിലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വധുവിന്റെ വീട്ടുകാര്‍ വിവാഹസത്കാരം ആഘോഷമാക്കി. ആഭരണങ്ങളും അലങ്കാരങ്ങളുമായി വധു ഓഡിറ്റോറിയത്തില്‍ വന്നിരുന്നു.
ഒരാഴ്ചമുന്‍പ് വിവാഹത്തിനായാണ് വരന്‍ എത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും നിരീക്ഷണത്തിലായിരുന്നു യുവാവ്. മുന്‍നിശ്ചയപ്രകാരം ചൊവ്വാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ചൈനയില്‍നിന്നെത്തിയവര്‍ മുപ്പതുദിവസത്തോളം പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം വന്നതോടെയാണ് വരനില്ലാത്ത വിരുന്നിന് വീട്ടുകാര്‍ തയ്യാറായത്.
തിങ്കളാഴ്ച വരന്റെ വീട്ടിലെത്തി തഹസില്‍ദാറും വില്ലേജ് ഓഫീസറും വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. രോഗനിരീക്ഷണകാലത്തിനുശേഷം ചടങ്ങ് പൂര്‍ണമായി നടത്തും.