കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് പാമ്പില്‍ നിന്ന്; നിര്‍ണായക കണ്ടെത്തലുകള്‍ പുറത്ത്
ബീജിംഗ്: ചൈനയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ലോകത്തിനാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് പാമ്പില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട ചില ഗവേഷണ ഫലങ്ങളില്‍ നിന്നു നിര്‍ണയകമാകുന്ന ചില കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയവര്‍ക്കെല്ലാം ഇവിടെ മൊത്ത വ്യാപാര വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പാമ്പുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. പാമ്പുകള്‍ക്ക് പുറമേ കടല്‍ മീനുകളും കോഴിയും വവ്വാലുമായിരുന്നു ഇവിടെ വില്‍പ്പനയ്ക്ക് വെച്ചിരുന്ന മറ്റു ജന്തുക്കള്‍. നോവല്‍ കൊറോണ വൈറസിനെക്കുറിച്ചു വിശദമായി നടന്ന ജനിതക പഠനങ്ങളില്‍ വവ്വാലുകളില്‍ കാണുന്ന കൊറോണ വൈറസും കണ്ടെത്താനാകാത്ത മറ്റൊരു ശ്രോതസ്സുമാണ് നോവല്‍ കൊറോണ പരത്തുന്നതെന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തല്‍. പിന്നീട് നടന്ന സൂക്ഷ്മ പരിശോധനയില്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നതിന് മുമ്പ് പാമ്പുകളിലായിരിക്കാം അധിവസിച്ചിരുന്നത് എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.
ചൈനയിലെ പീക്കിങ് സര്‍വകലാശാല ആരോഗ്യശാസ്ത്ര വിഭാഗം വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കൊറോണ വൈറസ് ബാധയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തിലായിരുന്നു ഈ നിഗമനം. ആദ്യഘട്ടത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരുന്നത് എന്നായിരുന്നു കൊറോണയെക്കുറിച്ച് കേട്ടിരുന്നത്. ഇപ്പോള്‍ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും സ്ഥിരീകരിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീതി വിതച്ച് വ്യാപകമായ സാര്‍സ് എന്ന പകര്‍ച്ചവ്യാധിയുമായി ഏറെ സാമ്യതകളാണ് കൊറോണ വൈറസ് ബാധിച്ചവരിലും കാണപ്പെടുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും വൈകാതെ രോഗിയുടെ ആരോഗ്യനില സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നതായിരുന്നു സാര്‍സിന്റെ രീതി. അതിന് സമാനമായാണ് കൊറോണയും പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.