Home-bannerKeralaNews

കൊറോണ വൈറസ്: 2421 പേര്‍ നിരീക്ഷണത്തിൽ, വീട്ടില്‍ നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു :മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2321 പേര്‍ വീടുകളിലും, 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 118 ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വീട്ടില്‍ സ്വയം നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ വൈറസ് പ്രതിരോധത്തില്‍ അവര്‍ അണിനിരന്നിരിക്കുകയാണ്. നാടിന്റെ നന്മയെ ഓര്‍ത്ത് സ്വയം നിരീക്ഷണത്തിന് വിധേയമായവരാണവര്‍. എല്ലാ കാലത്തും അവരെ ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

വുഹാനില്‍ നിന്നും വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, ഒരാളും മരിക്കരുത്, സമൂഹത്തില്‍ ഒരാള്‍ക്ക് പോലും കൊറോണ പകരരുത് എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ഈ സമയത്ത് പ്രാധാന്യം നല്‍കുന്നത്. ആരോഗ്യ വകുപ്പ് സജ്ജമാക്കിയ 18 ടീമുകളും അവരുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.

നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാന്‍ പാടില്ല. അവര്‍ക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതാണ്. 28 ദിവസം നിരീക്ഷണത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. ആരും വീടിന് പുറത്തേക്ക് പോകരുത്. അല്‍പം വിഷമിച്ചാലും എല്ലാം മാറ്റിവച്ച് ആരോഗ്യ വകുപ്പുമായി സഹകരിക്കേണ്ടതാണ്. പോസിറ്റീവ് കേസ് വന്ന തൃശൂരില്‍ 82 പേരുടേയും ആലപ്പുഴയില്‍ 51 പേരുടേയും കാസര്‍ഗോഡ് 29 പേരുടേയും കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രൈമറി കോണ്ടാക്ടുള്ളവര്‍ 87 പേരുണ്ട്.

കൊറോണയോട് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലും എച്ച്. 1 എന്‍. 1 തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ പ്രാധാന്യമേറിയ വിവരങ്ങള്‍ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവള നിരീക്ഷണത്തിനും ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവവിഭവശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്. സാമ്പിള്‍ മാനേജ്മന്റ് ടീം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് വഴി 900 വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയം എല്ലാ ജില്ലകളിലേക്കും എത്തിച്ചു നല്‍കി.

സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും പരിശീലനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ട്രെയിനിംഗ് ടീമുകളെ വിന്യസിച്ചു. എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1043 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കി. സ്വകാര്യ ആശുപത്രികളിലും ഐ.എം.എ.യുമായി സഹകരിച്ച് കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രികളിലെ ചെറിയ പോരായ്മകള്‍ പരിഹരിക്കുന്നതാണ്. ഭക്ഷണം, വെള്ളം എന്നിവയില്‍ പരാതിയുണ്ടെങ്കില്‍ അതും പരിഹരിക്കുന്നതാണ്.

വ്യാജ പ്രചരണങ്ങള്‍ നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതോടെ 7 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.

വല്ലാതെയാരും ഭയക്കേണ്ട കാര്യമില്ല. ആരെയെങ്കിലും പുറത്ത് കണ്ടാല്‍ അസ്വസ്തത കാണിക്കേണ്ടതില്ല. നിശ്ചിത അകലം പാലിച്ചാല്‍ കൊറോണ പകരില്ല. ചൈനയെന്ന് കേട്ടാല്‍ ആളുകളെ മാറ്റി നിര്‍ത്തേണ്ടതില്ല. ഈ കാലയളവില്‍ ചൈനയില്‍ നിന്നും വന്നവരെ മാത്രമാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നത്. എന്തായാലും നമ്മള്‍ അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker