32.3 C
Kottayam
Monday, April 29, 2024

കൊവിഡിനെ തുരത്താന്‍ ‘കൊറോണ ദേവി’യെ പ്രതിഷ്ഠിച്ച് കൊല്ലത്ത് പൂജ! പ്രസാദം മെയില്‍ വഴി

Must read

കൊല്ലം: ഉത്തര്‍പ്രദേശും ബീഹാറും പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കൊറോണയെ ദേവിയായി കണ്ട് കേരളത്തിലും പൂജകളും പ്രാര്‍ത്ഥനകളും. കൊവിഡിന്റെ കോപത്തില്‍ നിന്നു മനുഷ്യ സമൂഹത്തെ രക്ഷിക്കാന്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി അനിലനാണ് പൂജയുമായി ആരാധന നടത്തുന്നത്. സ്വന്തം വീട്ടിലെ പൂജാമുറിയില്‍ സാര്‍സ് കോവ് – 2ന്റെ ചിത്രം കൊറോണ ദേവിയായി പ്രതിഷ്ഠ നടത്തി പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണ് അനിലന്‍.

തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിച്ച് പള്ളിവാളിലാണ് കൊറോണാ ദേവിയുടെ പ്രതിഷ്ഠ. ലോകം മുഴുവന്‍ സുഖവും ഐശ്വര്യവും ഭവിക്കാന്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്ന അനിലന്‍ പ്രസാദം മെയില്‍ വഴി നല്‍കാനും ഒരുക്കമാണ്. പക്ഷേ ക്ഷേത്രത്തില്‍ കൊറോണാദേവിയെ ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ആരില്‍ നിന്നും സംഭാവനും സ്വീകരിക്കില്ലെന്ന നിലപാടിലാണ് അനിലന്‍. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്ന ഹിന്ദു വിശ്വാസത്തെ പിന്തുടര്‍ന്നാണ് അനിലന്‍ കൊറോണയെയും പൂജിക്കുന്നതും ആരാധിക്കുന്നതും.

ലോകത്തുടനീളമായി അനേകരുടെ മരണത്തിന് ഇടയാക്കിയ വൈറസിനെതിരേ വാക്സിന്‍ കണ്ടെത്താനാകാതെ ശാസ്ത്രലോകത്തെ പോലും കൊറോണ പിടിച്ചു കുലുക്കുമ്പോഴാണ് വൈറസിനെ ദേവിയായി കണ്ട് ആരാധന നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമങ്ങള്‍, പ്രതിരോധ വാക്സിന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍, പ്രവാസികള്‍ തുടങ്ങി സമസ്തമേഖലയിലുമുള്ള മനുഷ്യസ്നേഹികളുടെ നന്മയ്ക്ക് വേണ്ടിയാണ് കൊറോണാ പൂജയെന്നാണ് അനിലന്‍ പറയുന്നത്. കോവിഡിനെ പൂജിക്കുക എന്നത് ഭരണഘടനാ പരമായുള്ള ആരാധനാ സ്വാതന്ത്ര്യത്തിനുള്ളില്‍ നില നില്‍ക്കുന്ന കാര്യമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

നേരത്തേ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ആസാം സംസ്ഥാനങ്ങളില്‍ നടന്ന കോറോണാ പൂജ ജൂണ്‍ ആദ്യവാരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ തുംകുഹിരാജ്, കാസിയ, ഹാടാ, കാപ്താംഗജ്, ഖുഷി നഗര്‍ ജില്ലയിലെ ഖാഡ്ഡാ തഹ്സില്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ കോറോണാ ദേവിക്ക് വേണ്ടി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ‘കൊറോണാ മായി’ എന്ന പേരില്‍ പൂക്കളും മധുരപലഹാരങ്ങളുമായാണ് ആള്‍ക്കാര്‍ പൂജ നടത്തിയത്. കൊറോണാ ദേവിയുടെ പ്രസാദത്തിനായി ആറ്റുതീരത്ത് കുഴികള്‍ കുത്തി അതില്‍ വെള്ളം നിറച്ച ശേഷം അതിന് മുകളില്‍ ഒമ്പത് ഗ്രാമ്പൂവും ഒമ്പത് ലഡ്ഡുവും വെച്ചായിരുന്നു പൂജ.

റാഞ്ചിയിലെ താതിസില്‍വ്, നാംകോം എന്നിവിടങ്ങളിലും ജംഷഡ്പൂരിലെ ബാഗ്ബെറാ മൈതാനത്തും ധന്‍ബാദിലെ രണ്ടിടങ്ങളിലും പൂജ നടത്തി. സിന്ദൂരം, പൂക്കള്‍, ലഡ്ഡു, ഒരു കുടത്തില്‍ വെള്ളം എന്നിവ വെച്ച് ഒരു മരത്തിന് സമീപമായിരുന്നു കൊറോണാ ദേവിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. കൊറോണാ ദേവിയെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ഇവര്‍ പക്ഷേ സാമൂഹ്യാകലം പാലിച്ചിരുന്നില്ല. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കണ്ട പ്രകൃതി ദുരന്തങ്ങള്‍ കൊറോണാ ദേവിയുടെ കോപമായിരുന്നു എന്നും എന്നിട്ടും ആരും ദേവിയെ പ്രീതിപ്പെടുത്താന്‍ ഒന്നും ചെയ്തില്ലെന്നും തങ്ങള്‍ പൂജ നടത്തുന്നത് ദേവിയുടെ കോപം ശമിപ്പിക്കാന്‍ വേണ്ടിയാണെന്നുമായരുന്നു പൂജയി പങ്കെടുത്ത ഒരു യുവതി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week