പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ അച്ഛന്‍ മരിച്ചു. പത്തു ദിവസം മുമ്പു ചൈനയില്‍ നിന്നു തിരിച്ചെത്തിയ വല്ലന സ്വദേശിനിയായ വിദ്യാര്‍ഥിയുടെ അച്ഛനാണു മരിച്ചത്. തിരിച്ചെത്തിയ അന്നുമുതല്‍ വിദ്യാര്‍ഥി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച രാത്രിയോടെ എറണാകുളത്തു ചികിത്സയില്‍ കഴിയവെ കുട്ടിയുടെ അച്ഛന്‍ മരണപ്പെട്ടത്.
വിദ്യാര്‍ഥിയും അച്ഛനും തമ്മില്‍ അടുത്ത് ഇടപഴകിയിരുന്നോയെന്നു വ്യക്തതയില്ല. ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ല എന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം ജില്ലാ ഭരണകൂടം അന്വേഷിച്ചു വരികയാണ്. എന്നിരുന്നാലും ശവസംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരം നടത്താനാണ് ആലോചന.
പത്തു ദിവസമായി ഐസൊലേഷനിലാണു വിദ്യാര്‍ഥി. അതിനാല്‍ മരിച്ചയാളുടെ സംസ്‌കാരം നാലു ദിവസത്തേക്കു നീട്ടിവയ്ക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.