പനാജി: വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഗോവയിലേക്ക് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിന്‍, ഓസ്ട്രേലിയ, യുഎസ് എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിയെത്തിയ 25നും 55നും ഇടയില്‍ പ്രായമുള്ള മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിലെ ആദ്യത്തെ കൊറോണ കേസുകളാണിത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ഇവിടെ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തിലാണ്. അവരെയും ക്വാറന്റൈന് വിധേയരാക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
പനാജിയിലെ ഗോവ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ക്വാറന്റൈനിലായിരുന്നു ഇവര്‍ മൂന്നുപേരും. ഇവരെ ഇപ്പോള്‍ സൗത്ത് ഗോവയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ആദ്യമാണ് ഇവര്‍ മൂന്ന് പേരും വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. തിരികെ എത്തിയപ്പോള്‍ തന്നെ ഇവരെ ക്വറന്റൈന് വിധേയരാക്കിയിരുന്നു.