FootballKeralaNewsSports

വിവാദ ഗോൾ; ഛേത്രിയുടെ സോഷ്യൽ മീഡിയ പേജുകളിൽ അസഭ്യവർഷം

ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ബെംഗളൂരു എഫ്‌സി താരവുമായ സുനില്‍ ഛേത്രിക്കെതിരേ കടുത്ത സൈബര്‍ ആക്രമണം. ഛേത്രിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളിലെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം മലയാളികളടക്കമുള്ളവരുടെ അസഭ്യവര്‍ഷമാണ്.

ഛേത്രിയുടെ പേജില്‍ മാത്രമല്ല, വിവാദ സംഭവത്തിന് ശേഷം ഛേത്രിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്ത വിവിധ മാധ്യമങ്ങളുടെ വാര്‍ത്തയ്ക്ക് കീഴിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരടക്കമുള്ളവര്‍ നെഗറ്റീവ് കമന്റുകളുമായി എത്തുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ അപമാനമാണ് ഛേത്രി എന്ന തരത്തിലാണ് പല കമന്റുകളും. ഭൂരിഭാഗം കമന്റുകള്‍ മലയാളത്തിലാണ്.

വെള്ളിയാഴ്ച ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്.

ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു.

താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചു. പക്ഷേ റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിക്കുകയായിരുന്നു. സൈഡ് ലൈനില്‍ നില്‍ക്കുകയായിരുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദും ലൈന്‍ റഫറിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വുകോമനോവിച്ച് കളിക്കാരെയും വിളിച്ച് ഗ്രൗണ്ടില്‍ നിന്നും കയറിപ്പോകുകയായിരുന്നു.

പിന്നാലെ മാച്ച് കമ്മിഷണര്‍ മൈതാനത്തെത്തി റഫറിമാരുമായി ദീര്‍ഘനേരം സംസാരിച്ചു. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 120 മിനിറ്റ് അവസാനിച്ചതിനു പിന്നാലെ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker