റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും ട്രെയിനില്‍ യാത്ര നിഷേധിച്ചു; ദമ്പതികള്‍ക്ക് 36,944 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ബംഗളൂരു: റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും ദമ്പതികള്‍ക്ക് ട്രെയിനില്‍ യാത്ര നിഷേധിച്ച സംഭവത്തില്‍ 36,944 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് റെയില്‍വേയോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മധ്യപ്രദേശ് സ്വദേശികളായ രാമചന്ദ്ര, ഭാര്യ കൃപ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ട്രെയിന്‍ ടിക്കറ്റ് ചാര്‍ജായ 870 രൂപക്ക് പുറമെ വിമാന ടിക്കറ്റിനത്തില്‍ 25,074 രൂപയും കോടതി ചെലവും മറ്റുമുള്‍പ്പെടെ 11,000 രൂപയും നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
ദക്ഷിണ പശ്ചിമ റെയില്‍വേ ബംഗളൂരു ഡിവിഷന്‍ ഓഫീസറും മധ്യപ്രദേശ് ജബല്‍പൂര്‍ സ്റ്റേഷന്‍ സൂപ്രണ്ടും ചേര്‍ന്ന് ആറാഴ്ചക്കകം തുക കൈമാറണം. റെയില്‍വേക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായപ്പോള്‍ ദമ്പതികള്‍ തനിയെ കേസ് വാദിച്ചു. ഒരു വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം റെയില്‍വേ അധികൃതര്‍ക്ക് കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയതായി കണ്ടെത്തിയ കമ്മീഷന്‍ നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.
2019 നവംബറില്‍ ജബല്‍പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് സംഘമിത്ര എക്‌സ്പ്രസിലെ എസ്11 കോച്ചില്‍ ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷെ, ട്രെയിന്‍ ജബല്‍പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിറയെ യാത്രക്കാരായിരുന്നെന്നും വാതില്‍ തുറക്കാന്‍പോലും അതിനകത്തുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ കയറി സീറ്റില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളി യാത്രക്കാര്‍ ട്രെയിനിനു പുറത്തിറക്കി. സ്റ്റേഷന്‍ മാസ്റ്ററെയും റെയില്‍വേ സംരക്ഷണ സേനയെയും വിവരം ധരിപ്പിച്ചെങ്കിലും അവര്‍ സഹായത്തിനെത്തിയില്ല.
ബംഗളൂരുവില്‍ റെയില്‍വേ ബോര്‍ഡ് പരീക്ഷക്ക് പോകുന്നവരാണ് കമ്പാര്‍ട്ട്മെന്റിലുള്ളതെന്നും തങ്ങള്‍ നിസ്സഹായരാണെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും വിമാനമാര്‍ഗം ബംഗളൂരുവിലെത്തി ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി. പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.