തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്ത് വീട് നിര്‍മിക്കുമ്പോഴും സിമന്റ് മതിലുകള്‍ നിര്‍മിക്കുമ്പോഴുമാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. വ്യക്തികളുടെ വരുമാനസ്രോതസിന് ആനുപാതികമായ നിര്‍മ്മാണച്ചെലവ്, ഭൂമിയുടെ അളവിനനുസരിച്ച് പരമാവധി തറവിസ്തൃതി, വലിപ്പം, ഉപയോഗിക്കേണ്ട നിര്‍മാണ വസ്തുക്കള്‍ എന്നിവ സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നാണു നിര്‍ദേശം.
മോഡുലാര്‍ വീടുകള്‍ പ്രോല്‍സാഹിപ്പിക്കണം, പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍ നിര്‍ബന്ധമാക്കണം, പുറംഭിത്തി നല്ല കനത്തിലും അകത്തെ ഭിത്തികള്‍ കനംകുറച്ചും നിര്‍മിക്കാന്‍ ബോധവല്‍ക്കരണം നടത്തണം. കല്ല്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള മതില്‍ നിര്‍മ്മാണത്തിനു പകരം ജൈവവേലി പ്രോല്‍സാഹിപ്പിക്കണം, വീടുകളുടെ അനുബന്ധ നിര്‍മിതികള്‍ക്കും പരിസ്ഥിതി സൗഹൃദ വ്യവസ്ഥകള്‍ ബാധകമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.