കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് നുണ പ്രചരണം നടത്തുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിവാദമുണ്ടാക്കാന്‍ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണെന്നും മേഴ്‌സികുട്ടിയമ്മ ആരോപിച്ചു.
‘ധാരണാപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി 2 ന് എംഒയു ഒപ്പിട്ടു. അതെന്തിനായിരുന്നു? എന്‍ പ്രശാന്ത് ഐഎഎസിന് ഇതിലെന്താണ് താല്‍പ്പര്യം. ഇത് തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് ഗവണ്‍മെന്റ് സംശയിക്കുന്നു’വെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ എല്ലാം വ്യക്തമാകും. പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. കരാറില്‍ കേരളത്തിന്റെ നയത്തിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. അന്വേഷണം നടക്കുകയാണ്’. കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മന്ത്രി പറഞ്ഞു
വിഷയവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്പോള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം റദ്ദാക്കി സര്‍ക്കാര്‍. തീരമേഖലയില്‍ യുഡിഎഫും ലത്തീന്‍സഭയും കടുത്ത പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് വിവാദത്തില്‍ തലയൂരാനുള്ള സര്‍ക്കാര്‍ ശ്രമം. എല്ലാം സൂതാര്യമാണ്, കരാറില്ല എന്നൊക്കെയുള്ള വാദങ്ങളുമായി അധികം പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവാണ് ഇഎംസിസിയില്‍ പ്രധാന ധാരണപത്രം റദ്ദാക്കാന്‍ കാരണം.
പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായ മന്ത്രി തന്നെയാണ് തന്റെ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ നിദ്ദേശിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. അസന്‍ഡിലെ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായി ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്‌ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
ഇപ്പോഴും പള്ളിപ്പുറത്ത് ഇഎംസിസിക്ക് വ്യവസായവകുപ്പ് നാലേക്കര്‍ അനുവദിച്ചത് റദ്ദാക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തില്ല. ഇഎംസിസി ഭൂമിവില ഇതുവരെ അടയ്ക്കാത്തതിനാല്‍ ഇതും പുനപരിശോധിക്കാനാണ് സാധ്യത. ധാരണാപത്രങ്ങള്‍ റദ്ദാക്കി തലയൂരാന്‍ ശ്രമിക്കുമ്പോഴും വിവാദം വിടാന്‍ പ്രതിപക്ഷം ഒരുക്കമല്ല.