KeralaNews

ജനമൈത്രി, ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി, ഓഫീസർ എന്ന വിളിപ്പേര്, കമ്പ്യൂട്ടർ, ഹോം ഗാർഡ്; പൊലീസിന് കോടിയേരിയുടെ സംഭാവനകൾ

തിരുവനന്തപുരം:സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എന്നും വിവാദങ്ങളില്‍ അകപ്പെടുന്ന ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു കോടിയേരിയുടെ വിജയം.

തുരുമ്പെടുത്ത നീല ജീപ്പ് ഇന്ന് കേരളത്തിലൊരിടത്തും പൊലീസിന്റെ ഔദ്യോഗിക വാഹനമല്ല. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് കോടിയേരിയുടെ ആഭ്യന്തരകാലത്തിന്‍റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാന്‍ കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിക്കാലം മാറ്റം വരുത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി വന്നിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. നാലരപതിറ്റാണ്ട് മുൻപ് ലാത്തിയടിയേറ്റൊരു വിദ്യാർത്ഥി രാഷ്ട്രീയക്കാരനിലെ വേദനയുണ്ട് ഈ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയാം. പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്. സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്‍സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്താണ്. ഒരു തമാശയ്ക്ക് വേണമെങ്കിൽ കോടിയേരിയുടെ പൊലീസിന് ഒരു എല്ല് കൂടുതലായിരുന്നു എന്ന് പോലും പറയാം.

രാഷ്ട്രീയ ലാത്തിയേന്തിയതിന്റെ പേരിൽ കരുണാകരന്‍റെ പൊലീസെന്നും പിണറായിയുടെ പൊലീസെന്നും കേരളം കേട്ടിട്ടുണ്ടെങ്കിലും, കോടിയേരിയുടെ പൊലീസെന്ന് കേള്‍പ്പിച്ചതേയില്ല. അതുകൊണ്ടാണ് ചരിത്രത്തിലേക്ക് നോക്കി കോടിയേരിയിലെ ആഭ്യന്തരമന്ത്രിക്ക് കേരളം നീണ്ടുനിവര്‍ന്ന് സല്യൂട്ട് അടിക്കുന്നത്.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിക്കൊപ്പം കക്ഷിരാഷ്ട്രീയ ഭേദമന്യേ സങ്കടപ്പെടുത്തുന്നുണ്ട്. സൌമ്യനായ നേതാവെന്നും പാർട്ടിയുടെ ചിരി മുഖമെന്നും പറയുന്ന കോടിയേരിയുടെ നേതൃപാഠവം സംഘടനാ തലത്തിൽ പലപ്പോഴും അതുല്യമായിരുന്നു. സംഘടനാ തലത്തിൽ മാത്രമല്ല കോടിയേരിയുടെ  പാടവം തിളങ്ങിനിന്നത്. അത് വ്യക്തമാക്കുന്നതാണ് മുൻ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസിന്റെ ദീർഘമായ കുറിപ്പ്. പൊലീസിന് ജീവശ്വാസം നൽകിയ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണനെ ഓർക്കുകയാണ് അദ്ദേഹം.

കുറിപ്പിങ്ങനെ…

അതീവദുഃഖത്തോടെയാണീവാക്കുകൾകുറിയ്ക്കുന്നത്. കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പൊലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾആയിത്തന്നെറിട്ടയർചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു,യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ ഹെഡ് കോസ്റ്റബിൾ റാങ്കും 23 കൊല്ലത്തിൽ എഎസ്ഐ റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയവ്യക്തി.

അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസു വഴി പൊലീസുകാർ കുടുംബ മിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിവഴി പൊലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പൊലീസ് ഉദ്യോഗസ്ഥരും ആയും മാറി.  കേരളത്തിലെ ആയിരക്കണക്കിന് എക്സ് സർവീസുകാരെ ഹോം ഗാർഡുകളാക്കി പൊലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തിൽ ആദ്യമായി തണ്ടർബോൾട് കമാൻഡോ ഉള്ള ബറ്റാലിയനും തീരദേശപൊലീസും കടലിൽപോകാൻ പൊലീസിന് ട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്.  

ശബരിമലയിൽ വെർച്ച്വൽ ക്യൂ തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് ശ്രീ കോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പൊലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പൊലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും ഇന്റർനെറ്റ് കണക്ഷൻ നൽകി, പൊലീസിന്റെ കമ്പ്യൂട്ടർവൽക്കരണം ജനങ്ങൾക്ക്‌ അനുഭവ വേദ്യമാക്കിയതും അദ്ദേഹം.

ട്രാഫിക് ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു മാസ്കോട്ട്. “പപ്പു സീബ്ര ” കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ട തോഴനായതും അദ്ദേഹം വഴി!! മൊബൈൽഫോൺ എന്നത് സീനിയർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനു കളിൽ ജോലിഎടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു. അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും.  പൊലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെവിട്ടു പോയത്. വലിയ ദുഃഖം ആണ് എനിക്കീവേർപാട്.. അഭിവാദനങ്ങൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button