ഹരിപ്പാട്: ആര്‍.എസ്.എസ് നേതാവുമായി ഹരിപ്പാട്ടെ കോണ്‍ഗ്രസ് വനിതാ നേതാവ് നടത്തിയ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഹരിപ്പാട് നഗരസഭ സിറ്റിങ് അംഗവും 26ാം വാര്‍ഡ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വൃന്ദ എസ്. കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ തട്ടകത്തില്‍ നടന്ന ആര്‍.എസ്.എസുമായുള്ള വോട്ടുമറിക്കല്‍ ചര്‍ച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും നാണക്കേടുണ്ടാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ പാര്‍ട്ടി ഉചിത നടപടി കൈക്കൊണ്ടില്ലെങ്കില്‍ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടില്‍ വിള്ളല്‍ വീഴുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നുകഴിഞ്ഞ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 29 സീറ്റില്‍ 22 എണ്ണം നേടി അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചക്ക് കാര്യമായ ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനുമുമ്പ് ഹരിപ്പാട്ടെ ആര്‍.എസ്.എസ് നേതാവ് സുനില്‍ സ്വാമിയുമായി വൃന്ദ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പല വാര്‍ഡിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ഇവരുടെ ആര്‍.എസ്.എസ് ബന്ധം പലരും പാര്‍ട്ടിവേദികളിലും കത്തുകള്‍ മുഖേനയും നേതൃത്വത്തെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു.
ഫോണ്‍വിളി പുറത്തുവന്നിട്ടും നേതൃത്വം തുടക്കത്തില്‍ മൗനം പാലിച്ചെങ്കിലും വൃന്ദക്കെതിരെ നടപടി ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ നടപടിയെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് പാര്‍ട്ടി. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ കത്ത് കെ.പി.സി.സി പ്രസിഡന്റിന് അടക്കം നല്‍കും. ഗുരുതര തെറ്റാണ് വൃന്ദ ചെയ്തതെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ വിജയമ്മ പുന്നൂര്‍മഠം പറഞ്ഞു. ഫലം വന്നുകഴിഞ്ഞാലുടന്‍ ഇവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിജയമ്മ പറഞ്ഞു.
ശക്തമായ നടപടി കൈക്കൊള്ളണമെന്ന നിലപാടാണുള്ളതെന്ന് നഗരസഭ കൗണ്‍സിലര്‍ അനില്‍മിത്ര പറഞ്ഞു. വൃന്ദക്കെതിരെ ആരോപണവുമായി മറ്റൊരു കൗണ്‍സിലര്‍ സ്മിത പ്രദീപും രംഗത്തെത്തി. ഇവരുടെ അനാവശ്യ ഇടപെടലുകള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടും മൗനം പാലിക്കുകയായിരുന്നു. വസ്തുതകള്‍ പരിശോധിച്ച് ഉപരിനേതൃത്വത്തിന്റെ തീരുമാനപ്രകാരം ഉചിത നടപടി കൈക്കൊള്ളുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍ പറഞ്ഞു.