ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്. എല്ലാ സംസ്ഥാന ജില്ലാ തലസ്ഥാനങ്ങളിലും അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.
പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കുമെന്നും കര്‍ഷകര്‍ക്കു രാഹുല്‍ ഗാന്ധി നല്‍കുന്ന പിന്തുണ ശക്തിപ്പെടുത്തുന്ന ഘട്ടമാണിതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഭാരത് ബന്ദിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവും രംഗത്തെത്തി.
നേരത്തെ, ഇടത് പാര്‍ട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. കമല്‍ഹസന്റെ മക്കന്‍ നീതി മയ്യവും കര്‍ഷകര്‍ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ അണിചേരുമെന്നും പാര്‍ട്ടി വ്യക്തമാക്കി. കര്‍ഷകദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 11-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.