ഷിംല: ഷിംല മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ ജയം. 34 വാർഡുകളിൽ, 24 ലും ജയിച്ചതോടെ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമായി. 10 വർഷത്തിന് ശേഷമാണ് ഷിംല മുനിസിപ്പൽ കോർപറേഷൻ ഭരണം ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുക്കുന്നത്.
ബിജെപി 9 സീറ്റിലും, സിപിഎം ഒരുസീറ്റിലും വിജയിച്ചു. ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ, 59 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഒരുവർഷത്തോളം താമസിച്ചാണ് ഷിംല കോർപറേഷൻ തിരഞ്ഞെടുപ്പ് നടന്നത്. കോർപറേഷന്റെ കാലാവധി 2022 ജൂണിൽ കഴിഞ്ഞെങ്കിലും, വാർഡ് ഡീമിലേറ്റഷനുമായി ബന്ധപ്പെട്ട കേസുകൾ കാരണം തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.
ഡിസംബറിൽ നടന്ന ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് ശുഭപ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തെ സർക്കാരിന്റെ പ്രകടനത്തിന്റെ പേരിൽ കോൺഗ്രസ് വോട്ടുചോദിച്ചപ്പോൾ, ബിജെപി തങ്ങൾ 2017 മുതൽ 2022 വരെ തങ്ങൾ ഭരിച്ച കോർപറേഷനിലെ ഭരണമാണ് എടുത്തുകാട്ടിയത്.
2017 ലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് 12 വാർഡുകളിൽ മാത്രമാണ് ജയിച്ചത്. ബിജെപി അന്ന് 17 വാർഡുകളിൽ ജയിച്ചിരുന്നു. സ്വതന്ത്രർ നാലുസീറ്റിലും, സിപിഎം ഒരുസീറ്റിലുമാണ് അന്ന് ജയിച്ചുകയറിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉജ്ജ്വല വിജയത്തിന് പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചു. മിനി ഹിമാചൽ എന്നറിയപ്പെടുന്ന ഷിംലയിലെ വിജയത്തിൽ എല്ലാ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു. 10 വർഷത്തിനിടെ, മുനിസിപ്പിൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഇതാദ്യമായി ചരിത്ര വിജയം കുറിച്ചിരിക്കുകയാണ്. കോൺഗ്രസിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
93,920 വോട്ടർമാരിൽ,44,161 സ്ത്രീ വോട്ടർമാരായിരുന്നു. വാർഡുകളിൽ പകുതി സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും 34 വാർഡുകളിലും മത്സരിച്ചിരുന്നു. ഷിംലയിലെ തകർപ്പൻ ജയം മാറ്റത്തിന്റെ കാറ്റാണെന്നാണ് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നത്. കർണാടക നിയമസഭാ ഫലവും തങ്ങൾക്ക് അനുകൂലമാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.