KeralaNews

പ്രവാസികളെ തിരികെയെത്തിയ്ക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകോപനമില്ല: മുല്ലപ്പള്ളി, തിരിതെളിച്ച് കോൺഗ്രസ് പ്രതിഷേധം

ഗള്‍ഫ് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നു പ്രവാസികളെ തിരികെയെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 25000 കേന്ദ്രങ്ങളിലായി മെഴുകുതിരി തെളിയിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പരസ്പരവിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് ഇരുസര്‍ക്കാരുകളും പുറപ്പെടുപ്പിക്കുന്നത്. ഇത് മടങ്ങിയെത്തുന്ന പ്രവാസികളില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.വിമാനയാത്രക്കൂലിയും ക്വാറന്റെന്‍ ചെലവും പ്രവാസികള്‍ തന്നെ വഹിക്കണമെന്ന നിലപാട് മനുഷ്യത്വരഹിതമാണ്.കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന പ്രവാസികള്‍ക്കിത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.കോവിഡ് തീവ്രബാധിത മേഖകളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പടെ സ്രവപരിശോധന നടത്തില്ലെന്ന നിലപാട് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.

തൊഴിലും വരുമാനവും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ മടക്കികൊണ്ടുവരുന്നതില്‍ കാണിച്ച ജാഗ്രത കേരള മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായില്ല.

സംസ്ഥാനത്ത് നിന്ന് 21 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. അതില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തതില്‍ നല്ലൊരു പങ്ക് സന്ദര്‍ശക വിസയിലുള്ളവരും തൊഴില്‍ നഷ്ടപ്പെട്ടവരുമാണ്. ഇത്രയും പേര്‍ ഒരുമിച്ച് മടങ്ങിയെത്തുമ്പോള്‍ അവരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നമ്മുടെ മുഖ്യമന്ത്രിക്കായിട്ടില്ല. കോവിഡിന്റെ മറവില്‍ എന്തിലും രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിക്ക് പത്രിച്ഛായ വര്‍ധിപ്പിക്കാനുള്ള ആയുധം എന്നതിലുപരി പ്രവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍, പാലോട് രവി,മണക്കാട് സുരേഷ്,പഴകുളം മധു എന്നിവരും കെ.പി.സി.സി ആസ്ഥാനത്തെ മെഴുകുതിരി തെളിയിക്കലിന്റെ ഭാഗമായി അണിനിരന്നു.
വി.എം.സുധീരന്‍ ഗൗരീശപട്ടത്തുംതെന്നല ബാലകൃഷ്ണപിള്ള യമുന ജംഗ്ഷന്‍,എം.എം.ഹസ്സന്‍ ജഗതി ജംഗ്ഷന്‍,തമ്പാനൂര്‍ രവി ശാസ്തമംഗലം ജംഗ്ഷന്‍ എന്നിവിടങ്ങളിലെ മെഴുകുതിരി തെളിയിക്കലിന് നേതൃത്വം നല്‍കി.

വിവിധ ജില്ലകളിലെ മെഴുകുതിരി തെളിയിക്കലിന് കോണ്‍ഗ്രസിന്റെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍,എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി കോണ്‍ഗ്രസിന്റെ സമുന്നതനേതാക്കള്‍ നേതൃത്വം നല്‍കി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് 25000 കേന്ദ്രങ്ങളിലായി നടന്ന മെഴുകുതിരി തെളിയിക്കലിൽ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker