കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്റെ ആഡംബര കാറിടിച്ച് നാലു പേര്‍ക്ക് പരിക്ക്
ബംഗളൂരു: പബ്ബില്‍ യുവാവിനെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കര്‍ണാടക എംഎല്‍എയുടെ മകന്‍ വീണ്ടും വിവാദത്തില്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ഇയാള്‍ ഓടിച്ച ആഡംബര കാര്‍ വാഹനങ്ങളില്‍ ഇടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റതായാണ് ആരോപണം. മുഹമ്മദ് നാലപ്പാട് ഓടിച്ച ആഡംബര കാര്‍ ബൈക്കിനെയും ഒട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഈ വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ മുഹമ്മദ് നാലപ്പാട് കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സുഹൃത്തിന്റെ വാഹത്തില്‍ കയറിയാണ് ഇയാള്‍ രക്ഷപെട്ടത്. മുഹമ്മദ് നാലപ്പാടിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ ബി.ആര്‍. രവികാന്തെ ഗൗഡ അറിയിച്ചു.