33.4 C
Kottayam
Friday, May 3, 2024

‘നേതാക്കള്‍ സ്വര്‍ണ്ണം കടത്തുന്നു, മക്കള്‍ മയക്കുമരുന്നും ‘; സിപിഐഎമ്മിന്റേത് വലിയ പതനവും ജീര്‍ണ്ണതയുമെന്ന് കോണ്‍ഗ്രസ്

Must read

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടേയും അറസ്റ്റ് ചൂണ്ടിക്കാട്ടി സിപിഐഎം എത്തിനില്‍ക്കുന്നത് ഏറ്റവും വലിയ ജീര്‍ണ്ണതയിലെന്ന് കോണ്‍ഗ്രസ്. അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധമുയര്‍ത്തുന്നതുകൂടാതെ നേതാക്കള്‍ സര്‍ക്കാരിനും സിപിഐഎമ്മിനും നേരെ ഫേസ്ബുക്കിലൂടെയും ആക്ഷേപമുയര്‍ത്തുന്നുണ്ട്. കള്ളക്കടത്തുസംഘത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഫെസിലിറ്റേറ്റര്‍ സെന്ററായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് വിഡി സതീശന്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ ആരോപിച്ചപ്പോള്‍ നേതാക്കള്‍ സ്വര്‍ണ്ണവും അവരുടെ മക്കള്‍ മയക്കുമരുന്നും കടത്തുന്ന അവസ്ഥയാണ് പാര്‍ട്ടിയിലുള്ളതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആക്ഷേപിച്ചു.

പാര്‍ട്ടിയും ഭരണവും ഒന്നിച്ച് മാഫിയാപ്രവര്‍ത്തനം നടത്തുകയാണെന്നും സര്‍ക്കാരും പാര്‍ട്ടിയും അറസ്റ്റിലായെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഒരു ലഘുലേഖ പോലും കയ്യില്‍ വെക്കാത്ത ഈ ചെറുപ്പക്കാരനെ ഇനിയും വേട്ടയാടി മതിയായില്ലേ എന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ഫോട്ടോ പോസ്റ്റുചെയ്തുകൊണ്ട് വിടി ബല്‍റാം എംഎല്‍എയുടെ പരിഹാസം.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കള്ളക്കടത്തിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലേ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ലഹരി മരുന്ന് കേസിൽ അറസ്റ്റിലായിരിക്കുകയാണ്. ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത് സംസ്ഥാന സർക്കാരും പാർട്ടിയും തന്നെയാണ്. കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത്. ഇത് കേരളത്തിന് മൊത്തം നാണക്കേടാണ്.പാർട്ടിയും ഭരണവും ഒന്നിച്ച് മാഫിയാപ്രവർത്തനം നടത്തുകയാണ്. മുഖ്യമന്ത്രിയെ തിരുത്തേണ്ട പാർട്ടിയുടെ ഗതി ഇതാണ്. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് ദിനംപ്രതി തെളിയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിണറായി സർക്കാരിന്റെയും തണലിൽ സംസ്ഥാനത്ത് രാജ്യദ്രോഹപ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മയക്കുമരുന്ന് കേസിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊള്ളയും പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടവും നടക്കുന്ന അതീവഗുരുതരമായ സാഹചര്യമാണ് കേരളത്തിൽ അരങ്ങേറുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഉണ്ടാവുന്ന ആദ്യത്തെ ആരോപണമല്ല ഇത്. വെള്ളപ്പൊക്കത്തിലെ ഭവനനിർമ്മാണകരാറിലും ഇത്തരത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയെക്കാൾ പ്രധാനപ്പെട്ട ആളാണ് പാർട്ടി സെക്രട്ടറി. അതുകൊണ്ടു തന്നെ പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത കുറ്റകൃത്യത്തിൽ പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്വമില്ല എന്ന വാദം അരിയാഹാരം കഴിക്കുന്ന ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. നാണംകെട്ട ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്നുള്ള തീവെട്ടിക്കൊള്ളയ്ക്ക് കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യാമോഹിക്കേണ്ട.

വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിൽ . മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തു സംഘത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന ഫെസിലിറ്റേഷൻ സെന്റർ ആയി മാറി. പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്നു കേസിൽ ബാംഗ്ലൂരിൽ അറസ്റ്റിലായി. കൂടുതൽ പണമുണ്ടാക്കാൻ മയക്കുമരുന്നു ബിസിനസ്സിൽ പണം നിക്ഷേപിച്ചതിനാണ് തെളിവുകൾ. ഇതിനെക്കാൾ താഴോട്ടു പോകാൻ കഴിയാത്തത്ര വലിയ പതനത്തിൽ ഒരു പാർട്ടി എത്തിയിരിക്കുന്നു. പാർട്ടിയെ ബാധിച്ച ജീർണ്ണത അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നവഉദാത്തവാദത്തിന്റെ പുതിയ ബദലുകളാണ് കേരളത്തിലെ സിപിഎം നമ്മളെ പരിചയപ്പെടുത്തുന്നത്.നേതാക്കന്മാർ സ്വർണ്ണവും,മക്കൾ മയക്ക് മരുന്നും കടത്തുന്നതിന്റെ സൈദ്ധാന്തിക യുക്തികൾ ക്യാപ്സൂളുകളായി പാർട്ടി ഉടൻ പുറത്തിറക്കും .പിന്നൊരു കാര്യം,കടലിൽ കുളിച്ചവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുത് .DYFI ഇഞ്ചിക്ക് പകരം കഞ്ചാവ് കൃഷി ഇറക്കരുത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week