കണ്ണൂർ: മുൻ ഡിസിസി സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും. ഇന്ന് വൈകിട്ട് ദില്ലിയിൽ വച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത് സി രഘുനാഥായിരുന്നു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രഘുനാഥ് കോൺഗ്രസ് വിട്ടത്.
കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന രഘുനാഥ്. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്നും രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല പരിപാടികളിൽനിന്നും തഴഞ്ഞു. ധർമ്മടത്ത് നടന്ന യുഡിഎഫിന്റെ വിചാരണ സദസ്സിൽ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ ധർമ്മടത്ത് മത്സരിച്ച തന്നെ വേദിയിൽ വേണ്ടെന്ന് തീരുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വം പാർട്ടിയിൽ ഉണ്ടാകുമ്പോൾ അവരുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് കാലത്ത് സജീവമായി പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന തന്നെ പിന്നീട് ഒരു പരിപാടികളിലും പാർട്ടി ക്ഷണിച്ചിട്ടില്ല. പുതിയ ഡി.സി.സി നേതൃത്വം എത്തിയതോടെ തന്നെയും തന്റെ അനുയായികളെയും പൂർണ്ണമായും അവഗണിക്കുകയാണ്. 1973ൽ സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ കെഎസ്യു. പ്രവർത്തനം ആരംഭിച്ച ആളാണ് താനെന്നും രഘുനാഥ് പറഞ്ഞു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും സുധാകരന്റെ കൂടെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ല. പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന ആമുഖത്തോടെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിച്ചു. ഇത് നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്ന അഭ്യൂഹമുണ്ടായിരുന്നു.