കോഴിക്കോട്: നാദാപുരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് ടൗണിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ പൊലീസും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു.
ഇതോടെ ആളുകളെ പിരിച്ചു വിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും സി.ഐക്കും പരുക്കേറ്റു. നാദാപുരം ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി നജ്മ ബീവി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാര്‍ എന്നിവര്‍ക്കും കടയിലെ ഒരു ജീവനക്കാരനുമാണ് പരുക്കേറ്റത്. കൂടാതെ എസ്.ഐ ശ്രീജേഷിനും മൂന്ന് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
കല്ലേറില്‍ രണ്ട് പോലീസ് ജീപ്പുകളുടെ ചില്ല് തകര്‍ന്നു. വിവരമറിഞ്ഞ് ഇ.കെ വിജയന്‍ എം.എല്‍.എ, ഡി. വൈ.എസ്.പി കെ.കെ സജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സൂപ്പി നരിക്കട്ടെരി, എന്‍.കെ മൂസ മാസ്റ്റര്‍, സി.എച്ച് മോഹനന്‍, പി.പി ചാത്തു, കെ.കെ നവാസ്, രജീന്ദ്രന്‍ കപ്പള്ളി, കെ.എം രഘുനാഥ് തുടങ്ങിയവര്‍ സ്ഥലത്തെത്തി രംഗം ശാന്തമാക്കി.