സങ്കീര്‍ണ്ണമായ കാല്‍മുട്ട് ശസ്ത്രക്രിയ, അവരില്ലായിരുന്നുവെങ്കില്‍ ഈ വീണ്ടെടുക്കല്‍ അസാധ്യമായേനേ; പൃഥ്വിരാജ്
കൊച്ചി:ജിആര്‍ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ സിനിമയാവുന്നു എന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ സിനിമലോകം വളരെ പ്രതീക്ഷയിലായിരുന്നു. അന്തരിച്ച സംവിധായകന്‍ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാരാണ് ചിത്രം ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പുതിയ ചിത്രമായ ഇതിന്റെ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് അപകടം സംഭവിക്കുന്നത്. റയൂരില്‍ വെച്ച് ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഓടുന്ന ബസില്‍ നിന്നും ചാടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാലിന് പരിക്കേറ്റ പൃഥ്വി തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഇപ്പോഴിതാ തനിക്ക് സംഭവിച്ച പരിക്കിനെ കുറിച്ചും മറ്റും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ‘വിലയത്ത് ബുദ്ധ’യിലെ ഒരു ആക്ഷന്‍ സീക്വന്‍സിനായി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ചാടി കാല്‍മുട്ടിന് പരിക്കേറ്റിട്ട് 3 മാസമായി. അതിനെ തുടര്‍ന്ന് വളരെ സങ്കീര്‍ണ്ണമായ ഒരു കാല്‍മുട്ട് ശസ്ത്രക്രിയയ്ക്കാണ് ഞാന്‍ വിധേയനായത്. അന്നുമുതല്‍ പഴയ ജീവിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അതുകൊണ്ട് നന്ദി പറയാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് ഞാന്‍ കരുതുന്നു.
ലേക്ഷോറിലെ ഡോ ജേക്കബ് വര്‍ഗീസിനെ കുറിച്ചാണ് എനിക്ക് ആദ്യം പറയാനുള്ളത്. അദ്ദേഹത്തിന്റെ ടീമിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മികച്ച രീതിയിലാണ് തന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാകിയത്. അദ്ദേഹത്തിന്റെ നിരന്തരമായ മാര്‍ഗനിര്‍ദേശവും പരിചരണവും ഇല്ലായിരുന്നെങ്കില്‍, ഈ വീണ്ടെടുക്കല്‍ അസാധ്യമായേനെ.ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ഡോ. സുഹാസിനെ കുറിച്ചാണ് അടുത്തതായി പറയാനുള്ളത്. ഒരു ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയില്‍ നിന്ന് വിജയകരമായി സുഖം പ്രാപിച്ച ആരോട് ചോദിച്ചാലും അറിയാം ശസ്ത്രക്രിയ പോലെ തന്നെ അതിന് ശേഷമുള്ള ഫിസിയോ തെറാപ്പിയും അതുപോലെ പ്രധാനപ്പെട്ടതാണെന്ന്.
എന്റെ കാല്‍ സുഖം പ്രാപിക്കാനായി ഏറ്റവും മെച്ചപ്പെട്ട റീഹാബിലിറ്റേഷന്‍ പ്രോട്ടോക്കോള്‍ രൂപകല്പന ചെയ്ത വിദഗ്ദനാണ് സുഹാസ്.മൂന്നാമത്തെ വ്യക്തി, ഫിസിയോതെറാപ്പിസ്റ്റായ ശ്രീ. രാകേഷാണ്, എല്ലാ ദിവസവും എന്റെ ഫിസിയോ തെറാപ്പി സെഷനുകളുടെ മേല്‍നോട്ടം വഹിച്ചത് അദ്ദേഹമായിരുന്നു. ഒരു ദിവസം 4 തവണയെങ്കിലും ഫിസിയോതെറാപ്പി ചെയ്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. അതിനായി ഇനിയും സമയമെടത്തേക്കും.അതുകൊണ്ട് തന്നെ ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും എനിക്ക് തുടരേണ്ടി വരും.
എന്നാല്‍ 3 മാസത്തിനുള്ളില്‍ ഞാന്‍ എവിടെയാണോ അവിടെ എത്താന്‍ ഈ ടീം കാണിച്ച അര്‍പ്പണമാണ് എന്നെ സഹായിച്ചത്. അതിനാല്‍ തൊഴിലിനോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും പ്രചോദനാത്മകമായ ആത്മസമര്‍പ്പണത്തിനും നന്ദി അറിയിക്കുന്നു. മാത്രമല്ല തിരിച്ചുവരവിനായി എനിക്ക് വേണ്ടി കരുതലും ആത്മാര്‍ത്ഥതയും കാണിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു’, പൃഥ്വി കുറിച്ചു.