കാസർകോട്: നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി, നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.
എറണാകുളത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇൻസ്പെക്ടർ ജി.പി.മനുരാജിന്റെ നേതൃത്വത്തിലാണ് ചന്തേര പൊലീസിന്റെ അന്വേഷണം.
അതിനിടെ തനിയ്‌ക്കെതിരെ ഉയര്‍ന്ന സൗദി യുവതിയുടെ പരാതി വ്യാജമാണെന്ന വിഡിയോയുമായി വ്ലോഗർ ഷക്കീർ സുബാൻ. ജോലി അന്വേഷിച്ചാണ് യുവതി എറണാകുളത്തെ ഹോട്ടലിൽ എത്തിയതെന്നും ഒറ്റയ്ക്കല്ല വന്നതെന്നും ഷക്കീർ പറഞ്ഞു. യുവതിയും ഭർത്താവും ഒരുമിച്ചെത്തി അവർ പിരിയുമെന്ന് പറഞ്ഞാണ് തന്നെ കണ്ടെതെന്നും സാമ്പത്തികമായി തന്നോട് സഹായം ചോദിച്ചെന്നും ഷക്കീർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
ഷക്കീർ സുബാന്റെ വാക്കുകൾ
വാര്‍ത്തകള്‍ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യൽ മീഡിയയാണ് എന്‍റെ ജീവിതം. ഇത്തരം ഒരു വാര്‍ത്ത കാരണം ജീവിതം തന്നെ നശിച്ചേക്കാം. അതിനാല്‍ ഇതിന്‍റെ സത്യവസ്ഥ ഞാന്‍ പറയാം. ഇന്‍സ്റ്റഗ്രാമിൽ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭര്‍ത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്.
ആദ്യമായി കൊച്ചി ഹയാത്തിൽ വച്ചാണ് കണ്ടുമുട്ടിയത്. അന്ന് കൂടെയുള്ള പയ്യന് നമ്പർ കൊടുത്തു. അവനിടയ്ക്കിയ്ക്ക് മെസേജ് അയച്ചു. ആ യുവതിയോട് അന്നും ഇന്നും മെസേജ് അയക്കുകയോ ഫോൺ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നീട് അവര്‍ എന്‍റെ വീട്ടിലും വന്നിട്ടുണ്ട്. അതിനിടെ കൊച്ചിയില്‍ ഇൻഫ്ലുവൻസർമാരുടെ ഒരു യോഗത്തിന് എത്തിയപ്പോള്‍ ഇവര്‍ എന്നെ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ തിരക്കിലാണ് എന്ന് പറഞ്ഞു. എന്നാൽ രണ്ടുപേരും കൂടി കുറച്ചുസമയത്തിന് ശേഷം എന്റെ റൂമിൽ വന്നു. സാമ്പത്തികമായി സഹായം ചോദിക്കാനാണ് വന്നത്. യുവതി നാട്ടിൽ വന്നപ്പോൾ കൊണ്ടുവന്ന പൈസയെല്ലാം തീർന്നു. യുവാവ് ഒരു പണിക്കും പോകുന്നില്ല. അത് ഡിസ്കസ് ചെയ്യാനാണ് വന്നത്.
അവൻ പറഞ്ഞത് എനിക്ക് യുവതിയോടൊപ്പമുള്ള ജീവിതം മതിയായി. യൂറോപ്പിലെ എന്റെ ഗേൾഫ്രണ്ടിന്റെ കൂടെ പോകും. ഞാൻ ജോലിക്ക് പോകില്ല, എന്നെല്ലാമാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്നു വരെ ഞാന്‍ പറഞ്ഞു. അവരെ പലതും പറഞ്ഞ് ഞാൻ ഉപദേശിച്ചു. അപ്പോള്‍ യുവതി എന്നോട് പെഴ്സണലായി സംസാരിക്കണം എന്ന് പറഞ്ഞു. പിന്നാലെ അവൻ റൂമിന് പുറത്തു നിന്നു. റൂമിന്‍റെ വാതില്‍ ഒന്നും അടച്ചിരുന്നില്ല. പെണ്‍കുട്ടി പറഞ്ഞത് ഇതാണ് എനിക്ക് ഇവനെ മടുത്തു. ഞാന്‍ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കള്‍ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാന്‍ എന്‍റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോള്‍ തന്നെ അയക്കുകയും ചെയ്തു. അതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഉണ്ട്.
രണ്ടുപേരും മടുത്തു എന്നാണ് പറഞ്ഞത്. എനിക്ക് സോഷ്യൽ മീഡിയയിൽ റീച്ച് വേണം, ഫെയിമസാകണം അതിനു വേണ്ടിയാണ് ഞാൻ അവനെ കല്യാണം കഴിച്ചത് എന്നാണ് യുവതി പറഞ്ഞത്. അവർ പിരിയും എന്നുള്ള കാര്യം ഉറപ്പാണ്. അവര്‍ മാനസികമായി വളരെ വിഷമത്തില്‍ ആയതിനാല്‍ രണ്ടുപേരെയും ഒരു നൈറ്റ് ഡ്രൈവിന് ഞാന്‍ ക്ഷണിച്ചു. കുറച്ചുനേരം വണ്ടിയെടുത്ത് കറങ്ങിയ ശേഷം ഹോട്ടലിന്‍റെ ലോബിയില്‍ തന്നെ അവരെ ഇറക്കി വിട്ടു. ഞാൻ ബൈ പറഞ്ഞു പോയി. ഇതാണ് അന്ന് സംഭവിച്ചത്.
ഇവർ രണ്ടുപേരും വന്നതും പോയതും ഒരുമിച്ചാണ്. ഞാൻ പീഡിപ്പിച്ചെങ്കിൽ അവരെ അതിന് ശേഷം ഞാന്‍ നൈറ്റ് ഡ്രൈവിന് കൊണ്ടുപോകണോ?. ഞങ്ങള്‍ 1 മിനിറ്റ് സംസാരിച്ചു ഒറ്റയ്ക്ക്. അപ്പോഴാണ് പീഡിപ്പിച്ചതെങ്കിൽ അവൾക്ക് ബഹളം വെക്കാമായിരുന്നില്ലേ. അന്നൊന്നും പരാതി നൽകാതെ ഇപ്പഴാണോ പരാതി നൽകുന്നത്. പൈസയ്ക്കും റീച്ചിനും വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് കരുതുന്നത്. ഒരു ആണും പെണ്ണും ഒന്നിച്ച് വന്നതില്‍ ഞാന്‍ എങ്ങനെ പെണ്ണിനെ മാത്രം പീഡിപ്പിക്കും.
അവിടെ സിസിടിവി ഉണ്ട്. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ മാത്രമാണ് ചിരിച്ചും കളിച്ചും നിൽക്കുന്നത്. അവര്‍ രണ്ടുപേരും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയമുണ്ട്. തെളിവുകള്‍ ഞാന്‍ നിരത്തും. ഇപ്പോള്‍ ഞാൻ കാനഡയിലാണ് വന്നതിന് ശേഷം എല്ലാം വിശദമാക്കും.