KeralaNews

ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി’ചട്ടം ലംഘിച്ച് സിപിഎം- ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുക്കുന്നു’

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജൂഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടരി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും. 

ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ്  ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായത്. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിൻ്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. 

നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം. 

കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത് കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷാണെന്നും ചിന്ത പറഞ്ഞു. ചിന്തക്ക് ശമ്പളം നിശ്ചയിക്കുന്നതറിഞ്ഞാണ് താൻ ആദ്യം സർക്കാറിനെ സമീപിച്ചതന്ന് രാജേഷ് പറയുന്നു. ആവശ്യം തള്ളിയതോടെ ഹൈകോടതിയിൽ പോയി അനുകൂല ഉത്തരവ് നേടിയിട്ടും സർക്കാർ നടപ്പാക്കുന്നില്ലെന്നാണ് രാജേഷിന്‍റെ പരാതി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker