കൊല്ലം: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്. 34 പേർക്കുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്. 2016 മുതൽ 2019 വരെയുള്ള കാലത്തെ അപേക്ഷകരിൽനിന്നാണ് ഇത്രയുംപേർക്ക് തുക നൽകുന്നത്.
തെരുവുനായശല്യത്തിന് ഇരയായവർക്കു നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാൻ 2018-ലാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചത്. കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം കൃത്യമായി നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ കോടതിയലക്ഷ്യ നടപടികളും ശിക്ഷയും നേരിടേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടപരിഹാരത്തുക അപേക്ഷിച്ച തീയതിമുതൽ നൽകുന്നതുവരെ ഒൻപതുശതമാനം പലിശസഹിതം കൊടുക്കണം.
2016-ലും 2017-ലും അപേക്ഷ നൽകിയവരാണ് ബഹുഭൂരിപക്ഷവും. ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തുക വിതരണംചെയ്ത് റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.കൂത്തുപറമ്പ് നഗരസഭയിൽനിന്നുള്ള അപേക്ഷകയ്ക്കാണ് ഏറ്റവുമുയർന്ന നഷ്ടപരിഹാരത്തുക-1,26,568 രൂപ.
കീഴല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ അപേക്ഷകന് 1,13,430 രൂപ നൽകണം. മറ്റുള്ളതൊക്കെ ഒരുലക്ഷത്തിൽ താഴെയുള്ള തുകയാണ്. എണ്ണായിരത്തോളം അപേക്ഷകളാണ് ഇതിനകം കമ്മിറ്റിയുടെ മുന്നിലെത്തിയത്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തെയടക്കം കേട്ടാണ് തീരുമാനമെടുക്കുന്നത്. ഘട്ടം ഘട്ടമായി കമ്മിഷൻ നഷ്ടപരിഹാരം നിർദേശിച്ചുവരികയാണ്.