തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമത്തിനും പരാതി നല്‍കാന്‍ കമ്മിറ്റി; നടി രോഹിണി അധ്യക്ഷ; ചാനലുകള്‍ക്ക് മുന്നില്‍ പരാതികള്‍ പറയരുതെന്ന് നിര്‍ദേശം
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്കും കേസുകള്‍ക്കുമിടെ തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചു. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്. നടി രോഹിണിയാണ് കമ്മിറ്റിയുടെ അധ്യക്ഷ. 2019 മുതലുള്ള കമ്മിറ്റി കൂടുതല്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. പരാതികളുമായി സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു.
ചാനലുകള്‍ക്ക് മുന്നില്‍ പരാതികള്‍ പറയരുതെന്നും പരിഹരിയ്ക്കാന്‍ അധികാരമുള്ളിടത്ത് പരാതി പറയണമെന്നും രോഹിണി പറഞ്ഞു. കമ്മിറ്റിയിലേക്ക് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയില്‍ ഏറെ വിവാദങ്ങള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഇഫക്ട് ആണ് തമിഴ് സിനിമ ലോകത്തേക്കും എത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ മാതൃകയില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് നടികര്‍ സംഘം വ്യക്തമാക്കിയിരുന്നു.
അതേ സമയം തമിഴ് സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരേ ലൈംഗികാതിക്രമം നടക്കാറില്ലെന്ന് സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സി) പ്രസിഡന്റുമായ ആര്‍.കെ. സെല്‍വമണി. ചിലപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കാന്‍ ഫെഫ്സി പോലെയുള്ള സംഘടനകള്‍ക്ക് സാധിക്കുമെന്നും സെല്‍വമണി പറഞ്ഞു.
എല്ലാ ഭാഷയില്‍നിന്നുള്ളവര്‍ക്കും തമിഴ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയുംപേരില്‍ വേര്‍തിരിവില്ല. കഴിവുമാത്രമാണ് പരിഗണിക്കുന്നത്. ഇത്ര വിശാലമായ കാഴ്ചപ്പാടുള്ളതിനാല്‍ സ്ത്രീകള്‍ക്കുനേരേ അതിക്രമം നടക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇവിടെ പവര്‍ഗ്രൂപ്പുകള്‍ ഇല്ലെന്നും സെല്‍വമണി പറഞ്ഞു.
സാന്‍ഡല്‍വുഡിലും ഹേമ കമ്മിറ്റി മാതൃകയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. കന്നഡ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരില്‍ കാണുകയും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 'ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈന്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി' (ഫയര്‍) യാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നല്‍കിയത്.നടിമാരും സംവിധായകരുമുള്‍പ്പെടെ 153 അംഗങ്ങളാണ് സംഘടനയുടെ പേരില്‍ കത്ത് നല്‍കിയത്.