കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന! സംഭവം വിവാദത്തില്‍
ഗാന്ധിനഗര്‍: ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന. ആര്‍ത്തവമുണ്ടോ എന്നറിയാന്‍ കോളേജ് ഹോസ്റ്റലില്‍ 68 ബിരുദ വിദ്യാര്‍ത്ഥിനികളെയാണ് അടിവസ്ത്രമഴിപ്പിച്ച് പരിശോധ നടത്തിയത്. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‌സ്ടിട്യൂട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആര്‍ത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ഹോസ്റ്റല്‍ മേലധികാരിയുടെ പരാതിയെതുടര്‍ന്നായിരിന്നു പരിശോധന. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. ഈ സമയത്ത് മറ്റു കുട്ടികളെ സ്പര്‍ശിക്കാനും പാടില്ലും ഇവിടെ നിയമമുണ്ട്. ഈ നിയമം ചിലര്‍ ലംഘിച്ചുവെന്ന പേരില്‍ പെണ്‍കുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.
ബുജ്ജിലെ സ്വാമിനാരയണ്‍ മന്ദിര്‍ അനുഭാവികള്‍ 2012ല്‍ ആരംഭിച്ചതാണ് ഈ കോളേജ്. പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വര്‍മ കച്ച് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 1500 ഓളം പേര്‍ പഠിക്കുന്ന വനിതാ കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ക്കാണ് ദുരവസ്ഥ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടിളാണ് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നത്. മുന്‍പും ഇവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.