BusinessNationalNews

സമ്മതമില്ലാത ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നു; റിയൽമിക്കെതിരെ ആരോപണം, അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം

മുംബൈ:സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം. ഋഷി ബാഗ്രീ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റിയല്‍മി ഈ ഫീച്ചറിലൂടെ ഉപകരണം സംബന്ധിച്ച വിവരങ്ങള്‍, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പടെയുള്ള ഉപഭോക്തൃ വിവരങ്ങള്‍ റിയല്‍മി ശേഖരിച്ചുവെന്ന് ആരോപിച്ചത്.

സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഋഷി പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന പേരില്‍ റിയല്‍മി സ്മാര്‍ട്‌ഫോണില്‍ ഒരു ഫീച്ചര്‍ ഉണ്ടെന്നും അത് കോള്‍ ലോഗ്, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങള്‍ എന്നിവ അത് ശേഖരിക്കുന്നുണ്ടെന്നും ഋഷി പറയുന്നു. ടോഗിള്‍ ബട്ടന്‍ ഉണ്ടെങ്കിലും ഡിഫോള്‍ട്ട് ആയി ഇത് ഓണ്‍ ആയിത്തന്നെയാണ് ഉണ്ടാവുകയെന്നും ട്വീറ്റില്‍ പറയുന്നു.

Settings -> Additional Settings -> System Services -> Enhanced Intelligent Servicse സന്ദര്‍ശിച്ചാല്‍ ഈ ഫീച്ചര്‍ കാണാം. സമ്മതമില്ലാതെയാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ ഡാറ്റ ചൈനയിലേക്ക് പോവുന്നുണ്ടോ എന്നും ഋഷി ചോദിക്കുന്നു.

ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രേണിക്‌സിന്റെ കീഴിലുള്ള കമ്പനിയാണ് റിയല്‍മി. വിവോ, ഓപ്പോ, വണ്‍പ്ലസ്, ഐഖൂ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ചൈനീസ് ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്.

പുതിയ റിയല്‍മി ഫോണുകളിലാണ് എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍ ഉള്ളത് എന്നാണ് കരുതുന്നത്. റിയല്‍മി 11 പ്രോയില്‍ ഈ സംവിധാനമുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റിലും ഇതേ സംവിധാനം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഉപകരണത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ അനുഭവം മികച്ചതാക്കുന്നതിനുമുള്ള ഫീച്ചറാണിതെന്നാണ് റിയല്‍മി വിശദീകരിക്കുന്നത്. ഇതിനായി ഉപഭോക്താവിന്റെ ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഈ ഫീച്ചറിനുള്ള പെര്‍മിഷന്‍ ഓഫ് ചെയ്താല്‍ അത് ഉപയോഗപ്പെടുത്തുന്ന ആപ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും റിയല്‍മി മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ഇങ്ങനുള്ള ഫീച്ചറുകള്‍ ചൈനീസ് ഫോണുകളില്‍ മാത്രമല്ല എന്നും സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാര്‍ട്‌ഫോണിലും സമാനമായ സെന്റ് ഡയഗ്നോസ്റ്റിക് ഡാറ്റ ഓപ്ഷന്‍ ഡിഫോള്‍ട്ട് ആയി ഓണ്‍ ആണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ ഒരു വിവരശേഖരണം നടത്തുന്നുണ്ട് എന്ന് ഉപഭോക്താവിനെ അറിയിക്കാതെ ഉപഭോക്താവിന്റെ സമ്മതമില്ലാതെ വിവരശേഖരണം നടത്തുന്നതിന് ഡിഫോള്‍ട്ട് ആയി ബട്ടന്‍ ഓണ്‍ ചെയ്തുവെക്കുന്നതാണ് ഇവിടെ പ്രശ്‌നമാവുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker