റിയാദ്: രാജ്യത്ത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് സൗദി അറേബ്യ ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് ഒരിടത്തും ഇത്തവണ പ്രതീക്ഷിച്ച തണുപ്പെത്തിയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഒരു നഗരത്തിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നില്ല. തണുപ്പ് കാലത്ത് പോലും ചൂട് അനുഭവപ്പെടുന്ന സ്ഥിതിയുണ്ടായെന്നാണ് അധികൃതര്‍ പറയുന്നത്. തണുപ്പ് അനുഭപ്പെടാതെ ഈ സീസണ്‍ കടന്നുപോകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സൗദിയിലെ തുറൈഫിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്. പത്ത് വര്‍ഷമായി ഇവിടെ മൈനസ് ഏഴ് ഡിഗ്രിയിലേക്ക് തണുപ്പ് കാലത്ത് താപനില താഴുമായിരുന്നു. ഇവിടയും ഇത്തവണ മാറ്റം സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. അതിശൈത്യത്തെ രേഖപ്പെടുത്തുന്ന അല്‍മുറബ്ബനിയ്യ സീസണ്‍ പതിവിലും കുറഞ്ഞ തോതിലാണ് അനുഭവപ്പെട്ടത്. രാജ്യത്തെവിടയും താപനില പൂജ്യം ഡിഗ്രിയിലേക്കെത്തിയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
തണുപ്പ് കുറയാനുള്ള കാരണവും അധികൃതര്‍ വ്യക്തമാക്കി. കാറ്റിന്റെ ദിശാമാറ്റമാണ് ഇതിന് കാരണം. തണുപ്പിന് ശക്തിപകര്‍ന്നെത്തുന്ന വടക്കന്‍ കാറ്റിന് ശക്തി കുറഞ്ഞതും ഈര്‍പ്പമുള്ള തെക്കന്‍ കാറ്റിന് താരതമ്യേന ശക്തി വര്‍ദ്ധിച്ചതും തണുപ്പ് കുറയാന്‍ കാരണമായി.