KeralaNews

കൊച്ചി മെട്രോ വീണ്ടും ട്രാക്കില്‍; സര്‍വ്വീസ് പുനരാരംഭിച്ചു

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. ഇന്നു രാവിലെ ഏഴിന് ആലുവ സ്റ്റേഷനില്‍ നിന്നുമായിരുന്നു ആദ്യ സര്‍വീസ്. രോഗഭീതി ഒഴിയാത്ത സാഹചര്യത്തില്‍ കനത്ത സുരക്ഷ മുന്‍കരുതലുകളോടെയാണു സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണു യാത്രക്കാരെ സ്റ്റേഷനുള്ളില്‍ പ്രവേശിപ്പിച്ചത്. ഓരോ സ്റ്റേഷനിലും 20 സെക്കന്‍ഡിലധികം ട്രെയിന്‍ നിര്‍ത്തി വാതിലുകള്‍ തുറന്നിട്ട് ശുദ്ധവായു സഞ്ചാരം ഉറപ്പാക്കിയാണു യാത്ര. ഒന്നിടവിട്ട സീറ്റുകളിലാണു യാത്രക്കാരെ ഇരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഇരിക്കാന്‍ പാടില്ലാത്ത സീറ്റുകളില്‍ പ്രത്യേക അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യദിനമായ ഇന്ന് ഏഴിന് തുടങ്ങിയ സര്‍വീസ് രാത്രി ഏഴിന് അവസാനിപ്പിക്കും. ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ സര്‍വീസില്ല. നിര്‍മാണം പൂര്‍ത്തിയായ പേട്ട സ്റ്റേഷനും ഇന്നു തുറക്കും. ഇതോടെ മെട്രോ സര്‍വീസ് ആലുവയില്‍നിന്ന് പേട്ട വരെയാവും. മെട്രോയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി ഇന്നു നിര്‍വഹിക്കും. ഒരോ പത്തു മിനിറ്റ് ഇടവേളയിലാണു സര്‍വീസുകള്‍. രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനും ഇടയില്‍ തുടര്‍ച്ചയായ സര്‍വീസുകള്‍ നടത്തും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും തുടര്‍ സര്‍വീസ്.

ബുധനാഴ്ച മുതല്‍ സര്‍വീസ് സാധാരണ നിലയിലാകും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞു രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയും പത്തു മിനിറ്റ് ഇടവേളയിലും ഉച്ചക്ക് 12നും രണ്ടിനുമിടയില്‍ 20 മിനിറ്റ് ഇടവേളയിലുമായിരിക്കും സര്‍വീസ്.

ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ (ആലുവ, പേട്ട) നിന്ന് രാത്രി ഒമ്പതിന് അവസാന സര്‍വീസ് പുറപ്പെടും. ഞായറാഴ്ചകളില്‍ രാവിലെ എട്ടിനായിരിക്കും ആദ്യ സര്‍വീസ് തുടങ്ങുക. ഓരോ സ്റ്റേഷനിലും 20 സെക്കന്റ് ട്രെയിന്‍ നിര്‍ത്തിയിടും. ആലുവയിലും പേട്ടയിലും അഞ്ച് മിനുറ്റോളം ട്രെയിന്‍ വാതിലുകള്‍ തുറന്നിട്ട് ശുദ്ധവായു സഞ്ചാരവും ഉറപ്പാക്കുന്ന നിലയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button