CrimeNationalNews

റേവ് പാർട്ടിയിൽ മൂർഖൻ പാമ്പുകളും പാമ്പിൻവിഷവും; ഫാം ഹൗസിലെ റേവ് പാർട്ടിയിൽ,ബിഗ്‌ബോസ് താരവും സഹായികളും അറസ്റ്റില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ റേവ് പാർട്ടിയിൽ വിഷപ്പാമ്പുകളും പാമ്പിൻ വിഷവും വിതരണം ചെയ്‌തെന്ന കേസിൽ യുട്യൂബറും ഇൻഫ്‌ളുവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവും സഹായികളും അറസ്റ്റിൽ. ബിഗ് ബോസ് ഒ.ടി.ടി രണ്ടാം സീസൺ വിജയിയും യൂട്യൂബറുമായ എൽവിഷ് യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ നോയിഡ പൊലീസ് കേസെടുത്തു. എൽവിഷിനു യുട്യൂബിൽ 7.51 ദശലക്ഷം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 15.6 ദശലക്ഷം ഫോളോവർമാരുമുണ്ട്.

പീപ്പിൾ ഫോർ അനിമൽ (പി.എഫ്.എ.) എന്ന മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എൻ.ജി.ഒ. നൽകിയ പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് നോയിഡ സെക്ടർ ഒന്നിൽ നടക്കുകയായിരുന്ന റേവ് പാർട്ടിയിലേക്ക് പൊലീസ് എത്തിയത്. പൊലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എൻ.ജി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന 25 മില്ലീലിറ്ററോളം നിരോധിത പാമ്പിൻവിഷം പിടിച്ചെടുത്തത്. അഞ്ച് മൂർഖൻ പാമ്പുകൾ ഉൾപ്പെടെ ഒമ്പത് വിഷപ്പാമ്പുകളെയും ഒരു പെരുമ്പാമ്പിനെയും ഇരുതല മൂരി, ചേര എന്നിവയെയും പിടികൂടിയിട്ടുണ്ട്.

അറസ്റ്റിലായ അഞ്ച് പേരെ ചോദ്യം ചെയ്തപ്പോഴാണ് എൽവിഷ് യാദവിന്റെ പേര് പൊലീസിന് ലഭിച്ചത്. എൽവിഷിന്റെ പാർട്ടികളിൽ പാമ്പിൻവിഷം എത്തിക്കുന്നത് തങ്ങളാണെന്ന് ഇവർ മൊഴി നൽകി. വന്യജീവി നിയമത്തിലെ 9, 39, 49, 50, 51, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുകളനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എൽവിഷ് യാദവാണ് റേവ് പാർട്ടി സംഘടിപ്പിച്ചത്.

എൽവിഷിന്റെ നോയിഡയിലെ ഫാം ഹൗസിൽ വിഷപ്പാമ്പുകളെ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവയെ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നതായും പരാതിക്കാർ പൊലീസിനോടു പറഞ്ഞിരുന്നു. അനധികൃതമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന എൽവിഷിന്റെ ഫാം ഹൗസിൽ വിദേശ യുവതികൾ സ്ഥിരമായി എത്താറുണ്ടെന്നും ആരോപണമുയർന്നു. ഇക്കാര്യങ്ങൾ ഉറപ്പിക്കുന്നതിനായി എൻജിഒയിലെ ഒരംഗം എൽവിഷിനെ സമീപിക്കുകയും മൂർഖന്റെ വിഷം ആവശ്യപ്പെടുകയും ചെയ്തു. ഉടനെത്തന്നെ എൽവിഷ് തന്റെ ഏജന്റിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറി. ഫോണിൽ വിളിച്ചപ്പോൾ പാമ്പിൻവിഷവും പാമ്പിനെയും നൽകാമെന്ന് ഏജന്റ് സമ്മതിച്ചു.

പാർട്ടി നടക്കുന്ന സ്ഥലത്ത് പാമ്പുകളുമായി 5 പേർ എത്തി. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചതോടെയാണ് അവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് എൽവിഷിന്റെ പേരു പറഞ്ഞതും ഇയാളെ അറസ്റ്റ് ചെയ്തതും.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ എൽവിഷ് യാദവ് നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ 0.1 ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് എൽവിഷ് പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം. എൽവിഷ് യാദവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടു. ഏഴ് വർഷം തടവ് ലഭിക്കാവുന്ന, ഗുരുതരമായ കുറ്റകൃത്യമാണ് ഇയാൾ ചെയ്തത്. വംശനാശഭീഷണി നേരിടുന്ന പാമ്പുകളെയാണ് പാർട്ടിയിൽ ഉപയോഗിച്ചതെന്നും മനേക ഗാന്ധി പറഞ്ഞു.

2023 ലെ ബിഗ് ബോസ് ഒ.ടി.ടി. രണ്ടാം സീസണിലെ വിജയിയാണ് എൽവിഷ് യാദവ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി വിജയിയാവുന്ന ആദ്യ ബിഗ് ബോസ് മത്സരാർഥി കൂടിയാണ് ഇൻഫളുവൻസർ കൂടിയായ എൽവിഷ്. ഇരുപത്തിയഞ്ച് ലക്ഷം രൂപയും ട്രോഫിയുമാണ് എൽവിഷിന് സമ്മാനമായി ലഭിച്ചത്. ബിഗ് ബോസിൽ താരമായതിനു പിന്നാലെ ദുബായിൽ 8 കോടിയുടെ വീട് സ്വന്തമാക്കിയ എൽവിഷിനു ഭീഷണി സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപ ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയ ഗുജറാത്ത് സ്വദേശിയെ അറസ്റ്റ് നേരത്തെ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker