തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനപ്രീതി ഭയക്കുന്നവരാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണസംവിധാനത്തിനോ വലിയ റോളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.വി.ഐ.പി.കളുടെയും സുരക്ഷാ ഭീഷണിയുള്ള വി.ഐ.പികളുടെയും സുരക്ഷയ്ക്കായി മാർഗനിർദേശങ്ങളുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പോലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. സംസ്ഥാന പോലീസ്, പോലീസ് ഇന്റലിജൻസ്, ഐ.ബി, എൻ.എസ്.ജി. തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പൊതുജനത്തിന്റെയും മീഡിയയുടെയും കൈയടികൾക്കായി സുരക്ഷ പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
മുഖ്യമന്ത്രിയെ തെരുവിൽ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തിൽ വാഹനത്തിന് മുൻപിൽ ചാടി വീണ് ആക്രമിക്കാനും വഴിനീളെ യു.ഡി.എഫ്. – ബി.ജെ.പി. അക്രമ സംഘങ്ങൾ ശ്രമിച്ചുവരികയാണ്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിക്കെ അദ്ദേഹത്തിനും പലതരത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.