മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളില്‍ ലഭിച്ചത് 39 കോടി രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളില്‍ 39 കോടി രൂപ ലഭിച്ചതായി കണക്കുകള്‍. ഇന്നലെ വൈകിട്ടു വരെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി ലഭിച്ചതും ഉള്‍പ്പെടെയുള്ള കണക്കാണിത്. ദുരിതാശ്വാസ നിധിയിലെ പണം വക മാറി ചെലവഴിക്കുന്നു എന്ന പ്രചാരണങ്ങളെ കാറ്റില്‍ പറത്തിയാണ് ഇത്രയധികം തുക പിരിഞ്ഞു കിട്ടിയത്. പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അതിനെ മറികടക്കാന്‍ ചലഞ്ചുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഒപ്പം സന്നദ്ധ സംഘടനകളും വ്യവസായികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ചെറുതും വലുതുമായ സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചിലര്‍ കല്യാണച്ചെലവുകള്‍ നല്‍കിയപ്പോള്‍ മറ്റു ചിലര്‍ വാഹനങ്ങള്‍ വിറ്റ പണം നല്‍കി.
കേരളത്തിലേക്ക് ഡല്‍ഹി കേരള ഹൗസ് 22.5 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കുന്നുണ്ട്. 12 ടണ്ണോളം മരുന്ന് വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തെത്തി. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒആര്‍എസ് എന്നിവ ഉള്‍പ്പെടെയുള്ളവയാണ് എത്തിച്ചത്. ഇന്‍സുലിനും ആന്റിബയോട്ടിക്കുകളും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകള്‍ ആറ് ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കര്‍ട്ടനുകളിലായി മൂന്ന് ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിന് പുറമെ ഒരു കോടി ക്ലോറിന്‍ ഗുളികകളും കേരളത്തിലേക്ക് അയക്കും. കേന്ദ്ര- ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്.