തിരുവനന്തപുരം: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എല്ലാ വൈദ്യുതി കരാറും കെഎസ്ഇബിയുടെ വെബ്സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യ വത്കരണം ആരംഭിച്ചത് കോണ്‍ഗ്രസാണ്. അത് പൂര്‍ത്തീകരിക്കുന്ന ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. നേരത്തെ കരുതിയ ബോംബില്‍ ഒന്ന് ഇതാണെങ്കില്‍ അതും ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്ത് എത്തിയത്. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്.
നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ എനര്‍ജി ലഭിക്കും. എന്നാല്‍, 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. ഉപഭോക്താക്കള്‍ ഒരു രൂപ അധികം നല്‍കണം. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.