തിരുവനന്തപുരം: ക്ലബുകള്‍ വഴിയും മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്ലബ് അംഗങ്ങള്‍ക്ക് മാത്രം മദ്യം പാഴ്‌സലായി മദ്യം വില്‍ക്കാം. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ ക്ലബുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കും. ഇതിനായി വിദേശമദ്യ ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗദി വരുത്തി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ള 42 ക്ലബുകള്‍ക്കാണ് മദ്യവിതരണത്തിനുള്ള ലൈസന്‍സുള്ളത്. നേരത്തെ ക്ലബുകളില്‍ അംഗങ്ങള്‍ക്ക് മാത്രം ക്ലബിന്റെ പരിസരത്തുവച്ചുമാത്രം മദ്യം വിതരണം ചെയ്യാനായിരുന്നു അനുമതിയുണ്ടായിരുന്നത്. ക്ലബുകള്‍ക്ക് പാഴ്‌സലായി മദ്യം നല്‍കാന്‍ അനുമതിയുണ്ടായിരുന്നില്ല.
എന്നാല്‍ പുതിയ ഭേദഗതി പ്രകാരം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പാഴ്‌സലായി മദ്യം നല്‍കാന്‍ സാധിക്കും. അതേസമയം, മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമാണ് ക്യൂവില്‍ പ്രവേശനം. ക്ലബ് കെട്ടിടത്തിനു പുറത്തായി പ്രത്യേകം സജീകരിക്കുന്ന കൗണ്ടര്‍ വഴിയായിരിക്കും മദ്യവിതരണം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ക്ലബ് അംഗങ്ങള്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ.