
മലപ്പുറം: മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും തമ്മില്‍ അടിപിടി. മലപ്പുറം താഴെക്കോട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്.
പരിക്കേറ്റ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേര്‍ അത്യാഹിത വിഭാഗത്തിലാണ്. മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥികളുടെ തലയ്ക്കും ഒരാളുടെ തലയ്ക്കും കൈയ്ക്കുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഇന്നു 10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. മലയാളം മീഡിയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ അടുത്തെത്തി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പെട്ടെന്ന് മലയാളം മീഡിയത്തിലെ ഒരു വിദ്യാര്‍ത്ഥി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
ആക്രമിച്ച വിദ്യാര്‍ത്ഥി നിലവില്‍ സസ്പെന്‍ഷനിലായിരുന്നു. പരീക്ഷയെഴുതാന്‍ മാത്രമായിരുന്നു അനുമതി. നേരത്തെ ഒന്‍പതില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പ്രശ്നമുണ്ടാക്കിയത് അദ്ധ്യാപകര്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളെത്തി സ്വമേധയാ ടി.സി വാങ്ങി പോയതാണ്. എന്നാല്‍ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ തിരികെ ഇതേ സ്‌കൂളിലെത്തി. ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാക്കില്ലെന്ന ഉറപ്പ് നല്‍കിയതോടെ തിരിച്ചെടുത്തു. അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗും ലഭ്യമാക്കിയിരുന്നു.
സ്‌കൂളില്‍ നേരത്തെയും ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കുത്തിയ വിദ്യാര്‍ത്ഥിയെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും സംഘര്‍ഷത്തിന് പെരിന്തല്‍മണ്ണ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി.