KeralaNews

അരൂരിലെ ദയനീയ പരാജയം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷണല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഉമേശന്റെ പരാജയത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് ദിവസം പല സ്ഥലങ്ങളിലും സ്ലിപ്പ് നല്‍കാന്‍ പോലും ആരും ഇല്ലായിരുന്നു. ഡിസിസി ഭാരവാഹികള്‍ക്കും ബ്ലോക്ക് ഭാരവാഹികള്‍ക്കും ഓരോ ബൂത്തിന്റെ ചുമതല നല്‍ കിട്ടും ആരും ഒരു പ്രവര്‍ത്തനവും നടത്തിയില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു . കഴിഞ്ഞ കുറച്ചു നാളുകളായി അരൂര്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് തെരഞ്ഞെടുപ്പ് പരാജയത്തോടെ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്തു നിലവിലെ മുഴുവന്‍ നേതാക്കളും രാജിവക്കണമെന്നു ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും ഇതു ചെവിക്കൊള്ളാതെ നിലവിലെ ഭാരവാഹികള്‍ തന്നെ തുടരുന്നതാണ് വീണ്ടുമൊരു ദയനീയ പരാജയത്തിനു കാരണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കെപിസിസിയും ഡിസിസിയും നേരിട്ട് നിയന്ത്രിച്ചിട്ടും അരൂരിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരുവിധ മുന്നേറ്റവും ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല, നിയോജക മണ്ഡലത്തിലെ നേതാക്കളുടെ ഗ്രൂപ്പുകളിയും പരസ്പരമുള്ള കാലുവാരലും ആണ് തുടര്‍ച്ചയായ പരാജയത്തിനു കാരണമെന്നു പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തിലെ പല നേതാക്കളും സിപിഎം നേതാക്കളുമായി രഹസ്യ ധാരണയിലാണെന്നും എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പ്പിക്കുക എന്നുള്ളത് അരൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പാരമ്പര്യമായി മാറുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നു കെപിസിസി സെക്രട്ടറിമാരും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും ദിവസങ്ങളോളം അരൂരില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചിട്ടും ഇത്രയും ദയനീയമായ പരാജയം ഏറ്റുവാങ്ങിയതു പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിക്കു കാരണമായിരിക്കുകയാണ്. കെപിസിസി നിര്‍ദേശപ്രകാരം അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി യൂണിറ്റ് കമ്മറ്റികള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഗ്രൂപ്പുകളിയുടെ ഭാഗമായി അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഇതിനോടു പുറംതിരിഞ്ഞു നിന്നതാണ് ഇത്രയും ദയനീയ പരാജയത്തിനു കാരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ മുഴുവന്‍ മുഴുവന്‍ ഭാരവാഹികളും ഒഴിവാക്കി പുതിയ നേതൃത്വം വരണമെന്നും അടിത്തട്ട് മുതല്‍ കോണ്‍ഗ്രസിനെ ശക്തമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നു. നേതാക്കള്‍ക്കെതിരെ പരസ്യമായി നവ മാധ്യമങ്ങളിലൂടെയും മറ്റും രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിക്കു കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കാര്യമായി കുറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിക്കും വോട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button