സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതായി വിവരം. തെരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകള്‍ ലഭിച്ചുവെന്നാണു പുറത്തുവരുന്ന സൂചന. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടില്‍ ആരോപണവിധേയനായ ബിജെപി ജില്ലാ നേതാവ് അയച്ച ഇമെയില്‍ സന്ദേശങ്ങളില്‍ നിന്നാണ് വിവരം കിട്ടിയതെന്നാണറിയുന്നത്.
തെരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്കുകളെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കയച്ച ബി.ജെ.പി നേതാവിന്റെ ഇമെയില്‍ സന്ദേശത്തിലാണ് മൂന്നരക്കോടി ലഭിച്ചതായി സൂചിപ്പിച്ചിട്ടുള്ളത്. ഇതില്‍ 1.50 കോടി ചെലവഴിച്ചെന്നാണു പറയുന്നത്. ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല. ഈ നേതാവ് വ്യക്തിപരമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, മൂന്നരക്കോടി എത്തിയ വിവരം പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. പോഷക സംഘടനകളിലും സംഘപരിവാര്‍ സംഘടനകളിലുമെല്ലാം കൂട്ടത്തോടെ രാജി നടക്കുകയാണ്. ചെലവഴിച്ചതായി പറയുന്ന തുകയുടെ പകുതിപോലും പ്രചാരണത്തിനു വിനിയോഗിച്ചിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.
ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കാര്യമായ ഫണ്ട് നല്‍കിയിരുന്നില്ല. അതിനാല്‍ പ്രചാരണം നിര്‍ജീവമായിരുന്നു. കഴിഞ്ഞതവണ സികെ ജാനുവിനു ലഭിച്ചതിനെക്കാള്‍ 12,722 വോട്ടുകള്‍ ഇത്തവണ കുറഞ്ഞു. ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കോഴ നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് വയനാട് ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ കഴിഞ്ഞദിവസം വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു.