തൃശൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു. പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിച്ചു സിഐടിയു തൃശൂരില്‍ യോഗം സംഘടിപ്പിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമിയിലായിരുന്നു യോഗം നടന്നത്. 150 പേര്‍ പരിപാടിയില്‍ പങ്കെടുത്തെന്നാണു വിവരം.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണു സിഐടിയു നേതൃത്വത്തില്‍ യോഗം നടത്തിയത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് സിഐടിയു യോഗം നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എന്നിരുന്നാലും യോഗം നിര്‍ത്താന്‍ സംഘാടകര്‍ തയാറായില്ല. ആരോഗ്യ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നാണ് സിഐടിയു ജില്ലാ സെക്രട്ടറിയുടെ നിലപാട്.
യോഗസ്ഥലത്ത് ആരോഗ്യവിദഗ്ധരെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് പൊതുയോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതു മറികടന്നാണ് സിഐടിയു യോഗം സംഘടിപ്പിച്ചത്.