EntertainmentKeralaNews

മോഹൻലാലിന്റെ ആ കോമഡിയൊന്നും ഇപ്പോൾ ഏൽക്കില്ല,വയസ്സ് അനുസരിച്ചേ ചില കഥാപാത്രങ്ങൾ ചെയ്യാൻ കഴിയൂ: വിപിൻ മോഹൻ

കൊച്ചി:പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.

പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ് അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിലേറെയായി സൂപ്പർ സ്റ്റാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. ഇപ്പോഴിതാ, നടനെ കുറിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

80 കളിലും 90 കളിലും ചില മോഹൻലാൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിപിൻ. അന്ന് മോഹൻലാലുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന തനിക്ക് നടനിലേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാലിന് ക്യാമറ ചലിപ്പിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ലാൽ ഒരു അത്ഭുത ജീവിയാണ്. സിനിമയ്ക്കു വേണ്ടി ജനിച്ച ഒരാളാണ്. എന്താണ് ക്യാമറയ്ക്ക് മുന്നിൽ പറയുക, ചെയ്യുക എന്നൊന്നും നമ്മുക്ക് പറയാൻ പറ്റില്ല. പുള്ളി സീൻ വായിക്കും മാറ്റിവെക്കും. ഷോട്ട് റെഡി ആയി കഴിഞ്ഞ് വന്ന് പുള്ളി അഭിനയിക്കുന്നത് വേറെ രീതിയിലാകും. എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഒരുപാട് കരയിച്ചതും ചിരിപ്പിച്ചതുമായ വ്യക്തി മോഹൻലാലാണ്.

പുള്ളിടെ അഭിനയം കണ്ട് ഞാൻ ചിരിച്ച് ക്യാമറ തട്ടി ഇട്ട സംഭവം വരെയുണ്ട്. എനിക്ക് എന്റെ വികാരങ്ങൾ പിടിച്ചു വയ്ക്കാൻ കഴിയില്ല. ചിലപ്പോഴൊക്കെ ഞാൻ കരഞ്ഞിട്ടുണ്ട്. ടിപി ഗോപാലൻ എം എ ചെയ്യുന്ന സമയത്ത് പുള്ളിയുടെ അഭിനയം കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ഞാൻ ആ ക്യാരക്ടർ ആയി മാറും. പുള്ളി ചെയ്യുന്നത് എന്റെ ജീവിതവുമായി കണക്ട് ചെയ്യും.

പണ്ടൊക്കെ ഷൂട്ടിങ്ങിൽ ക്യാമറാമാൻ മാത്രമാകും സിനിമ കാണുക. മോണിറ്റർ ഒന്നുമില്ല. ക്യാമറാമാൻ ഒക്കെ പറഞ്ഞാൽ ഓക്കെയാണ്. അവരുടെ കാൽക്കുലേഷൻ അത്ര പ്രധാനമാണ്. ഇന്ന് അങ്ങനെയല്ല. എല്ലാവരും കണ്ട് അഭിപ്രായം പറയും. അന്ന് സത്യൻ എന്നോട് ആ ഷോട്ട് ഓക്കെയാണോ എന്ന് ചോദിച്ചു. എനിക്ക് പറയാൻ പറ്റുന്നില്ലായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. സത്യന്റേയും കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു.

ലാൽ അത് അഭിനയിച്ച് അങ് പോയി. കരയിച്ച പോലെ തന്നെ ലാൽ ചിരിപ്പിച്ചിട്ടുമുണ്ട്. റിഹേഴ്‌സലിൽ ഒന്നും കാണിക്കാത്ത സാധനം ആവും പുള്ളി ടേക്കിൽ ചെയ്യുക. നാടോടിക്കാറ്റിൽ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ചിരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് വീണിട്ടുണ്ട്.

ഒരു കാലഘട്ടത്തിലെ നമ്മുക്കൊരു കഥാപാത്രമാകാൻ സാധിക്കുകയുള്ളു. വയസ് അനുസരിച്ചേ നമുക്കത് ചെയ്യാൻ കഴിയൂ. അപ്പോൾ ചെയ്തത് ഇപ്പോൾ ചെയ്താൽ ഏൽക്കില്ല. അതാണ് സംഭവിച്ചത്. മോഹൻലാൽ അന്ന് ചെയ്ത കോമഡിയൊന്നും ഇപ്പോൾ ചെയ്താൽ ഏൽക്കില്ല. അന്ന് മോഹൻലാൽ അത്ര സൂപ്പർ സ്റ്റാർ ഒന്നുമല്ല. ഇന്ന് ഒരു സൂപ്പർ സ്റ്റാറാണ്. അന്ന് എന്ത് കോമാളിത്തരവും കാണിക്കാം. ഇന്ന് അത് പറ്റില്ല.

ഇന്ന് മോഹൻലാലിന്റെ അടുത്ത് എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. പണ്ട് ഞാനും ലാലും തോളിൽ കയ്യിട്ട് നടന്നിരുന്നതാണ്. ഇന്ന് ഞാൻ ചെന്ന് ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. എനിക്ക് അങ്ങനെയൊരു ആറ്റിറ്റ്യൂഡ് ഇഷ്ടമല്ല. എന്റെ മനസ്സിൽ എപ്പോഴും അന്നത്തെ ലാലാണ്. ലാലു ഈ കഥയൊന്ന് കേൾക്കൂ എന്ന് കയറി ചെന്ന് ചോദിക്കാനുള്ള ധൈര്യം ഇന്ന് എനിക്കില്ല. ലാൽ നോ പറഞ്ഞാൽ എനിക്ക് അത് ബുദ്ധിമുട്ടാണ്.

ലാലിന്റെ ആദ്യ സിനിമ മുതൽ എനിക്ക് അറിയുന്നതാണ്. പിൻഗാമിയിൽ ആണ് അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. ലാലിന്റെ അന്ന് മുതലുള്ള വളർച്ച ഞാൻ കാണുന്നുണ്ട്. അതിന് സന്തോഷമുണ്ട്. എന്നാൽ ആ ഉയരത്തിലേക്ക് നോക്കാൻ സാധിക്കുന്നില്ല. ഒരുപാട് പേർ താഴെയുണ്ട് ഒന്ന് അങ്ങോട്ടേയ്ക്ക് എത്തണമെങ്കിൽ,’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button