തെലുങ്കു സിനിമയിൽ ‘ചിത്ര വരള്‍ച്ച’ തീയറ്ററുകള്‍ അടച്ചിടുന്നു, പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇവയാണ്
ഹൈദരാബാദ്: വെള്ളിയാഴ്ച മുതൽ തെലങ്കാനയിലെയും ആന്ധ്രയിലേയും നിരവധി സിംഗിൾ സ്‌ക്രീൻ സിനിമാ തിയേറ്ററുകൾ പത്ത് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ആവശ്യത്തിന് വലിയ സിനിമകള്‍ ഇല്ലാത്തതാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളുള്ള സിനിമ രംഗമായ തെലുങ്കിനെ പ്രതിസന്ധിയിലാക്കിയത്.
ബ്ലോക്ക്ബസ്റ്റർ റിലീസുകളുടെ അഭാവം, വേനൽച്ചൂട്, ഐപിഎൽ ക്രിക്കറ്റ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവ കാരണം തീയറ്റര്‍ നടത്തിപ്പ് വന്‍ നഷ്ടമാണ് എന്നാണ് എക്‌സിബിറ്റർമാർ പറയുന്നത്. തെലങ്കാനയിൽ മാത്രം 450 സിംഗിള്‍ സ്‌ക്രീൻ സിനിമാ തീയറ്ററുകളാണ് ഉള്ളത് അതിൽ 150 എണ്ണം ഗ്രേറ്റർ ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്.
തെലങ്കാന ഫിലിം എക്‌സിബിറ്റേഴ്‌സ് ആൻഡ് കൺട്രോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് വിജയേന്ദർ റെഡ്ഡി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത് അനുസരിച്ച് ചെറിയ നഗരങ്ങളിലെ സിംഗിള്‍ സ്‌ക്രീൻ തിയേറ്ററിന് ശരാശരി 10,000 മുതൽ 12,000 രൂപ വരെ പ്രവർത്തന ചെലവ് ഒരു ദിവസം വരും. ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ ഏകദേശം 15,000 മുതൽ 18,000 രൂപ വരെയാണ്. ഇപ്പോഴത്തെ വരുമാനത്തില്‍ ഇത് നടത്തിക്കൊണ്ടു പോകുന്നത് വലിയ നഷ്ടമാണ്.
പ്രതിദിന ശരാശരി വരുമാനം 4,000 രൂപയിൽ താഴെയാണ് ഇത്തരം തീയറ്ററുകളില്‍ ഇപ്പോ ലഭിക്കുന്നത്. ഒരു തിയേറ്റർ അടച്ചിട്ടാൽ ഒരു ദിവസം 4,000 രൂപയാണ് നഷ്ടം വരാൻ സാധ്യത. എന്നാൽ ഒരു സിനിമ പ്രദർശിപ്പിച്ചാൽ ഏകദേശം 7,000 രൂപ നഷ്ടമാകുമെന്നും റെഡ്ഡി പറഞ്ഞു.
പ്രഭാസ് നായകനായ കൽക്കി, കമൽ ഹാസന്‍റെ ഭാരതീയുഡു 2 (ഇന്ത്യൻ 2), ആഗസ്റ്റ് മാസത്തില്‍ എത്തുന്ന അല്ലു അർജുന്‍റെ പുഷ്പ 2, എൻടിആറിന്‍റെ ആക്ഷൻ ഡ്രാമയായ ദേവര: ഭാഗം 1 എന്നീ വലിയ ചിത്രങ്ങളിലാണ് തീയറ്ററുകളുടെ വലിയ പ്രതീക്ഷ. ജൂണ്‍ മാസം മുതല്‍ എല്ലാ മാസവും ടോളിവുഡില്‍ വന്‍ റിലീസുകള്‍ വരുന്നത് ആശ്വസമാകും എന്ന വിശ്വസത്തിലാണ് തീയറ്റര്‍ ഉടമകള്‍.