ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പോർവിമാനങ്ങൾ : അതീവജാഗ്രതയില്‍ വ്യോമസേന
ന്യൂഡല്‍ഹി :ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചതോടെ അതീവജാഗ്രതയില്‍ വ്യോമസേനയും ലഡാക്കില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ എയര്‍ പട്രോള്‍ ശക്തമാക്കിയെന്ന് വ്യോമസേന അറിയിച്ചു.. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഒന്നും ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്.ഭദൗരിയ വ്യക്തമാക്കി. നേരത്തെ ടിബറ്റിനു മുകളിലൂടെയുള്ള ചൈനയുടെ വ്യോമ പ്രവര്‍ത്തനങ്ങളെ ഇന്ത്യ നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ വ്യോമയാന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നിരീക്ഷിച്ചുവരികയാണ്. വേനലില്‍ പരീശീലനത്തിനായി ചൈന അവരുടെ വിമാനങ്ങള്‍ വിന്യസിക്കാറുണ്ട്, എന്നാല്‍ ഈ വര്‍ഷം അതിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അപ്പാച്ചി യുദ്ധവിമാനവും മിഗ് 29 വിമാനത്തിന്റെയും സാന്നിധ്യം കണ്ടതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിറ്റേദിവസമാണ് എയര്‍ ചീഫിന്റെ പരാമര്‍ശം
ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററായാണ് അപ്പാച്ചി കണക്കാക്കപ്പെടുന്നത്. ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായി കഴിഞ്ഞു. ആണവ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വര്‍ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.