ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘ഒന്നാം നമ്പർ ഭീഷണി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അവസാന പോരാട്ടം ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണെന്ന ചിത്രം വ്യക്തമായതിന് പിന്നാലെയാണ് ഞായറാഴ്ച റിഷി ചെനക്കെതിരായ തുറന്ന നിലാപാട് പ്രഖ്യാപിച്ചത്.
യുകെ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള ഏക സ്ഥാനാർത്ഥി റിഷി സുനക് മാത്രമാണെന്ന് ചൈന സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇത് ബോറിസ് ജോൺസന്റെ പിൻഗാമിയും റിഷിയുടെ എതിരാളിയുമായ ട്രസിന് വേണ്ടിയിറങ്ങിയ ഡെയിലി മെയിൽ ഇത് ആയുധമാക്കി. ‘ആരും ആഗ്രഹിക്കാത്ത അംഗീകാരം’ എന്നായിരുന്നു വിമർശനം. ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടണമെന്നും, സംസ്‌കാരത്തിലൂടെയും ഭാഷാ പരിപാടികളിലൂടെയും ചൈനീസ് സ്വാധീനം മൃദുവായ ശക്തി വ്യാപിക്കുന്നത് തടയണം എന്നുമുള്ള നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
ലിസ് ട്രസോ, റിഷി സുനകോ, ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്തംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്. ഫൈനൽ റൗണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇന്ന് എംപിമാർക്ക് ഇടയിൽ നടന്ന വോട്ടെടുപ്പിൽ റിഷി സുനക് 137 വോട്ട് നേടി. ലിസ് ട്രസിനെ 113 എംപിമാർ പിന്തുണച്ചു.
105 എംപിമാരുടെ മാത്രം പിന്തുണ നേടിയ മുൻ മന്ത്രി പെന്നി മോഡന്റ് പുറത്തായി. റിഷി സുനക് ജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ ആകും അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബം ആണ് റിഷിയുടെത്.
ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവച്ച ധനമന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിന്റ് ഭാര്യ. ബോറിസ് ജോൺസനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാജി പരമ്പരയ്ക്ക് തുടക്കമിട്ടത് റിഷി സുനക് ആയിരുന്നതിനാൽ തന്നെ ജോൺസൺ അനുകൂലികളുടെ കടുത്ത എതിർപ്പ് റിഷി സുനക് നേരിടുന്നുണ്ട്. ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒരാൾ കൂടിയാണ് റിഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാൽ ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആറാമത്തെ ഇന്ത്യൻ വംശജനാകും റിഷി സുനക്.