ബീജിംഗ്:യൂറോപ്പിന് പിന്നാലെ ചൈനയിലും മാഹാപ്രളയം. സെങ്‌സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12പര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്വെയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. ഒരു ലക്ഷം പേരെ സെങ്‌സോയില്‍ നിന്ന് ഒഴിപ്പിച്ചു.
പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ടുകള്‍ തകര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. പതിനായിരകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു
ഹൈവേകളിലൂടെ ഒഴുകി പോകുന്ന കാറുകള്‍, തകരുന്ന അണക്കെട്ടുകള്‍, വെള്ളം കയറിയ മെട്രോ ട്രെയിനുകള്‍. മധ്യ ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു വരെ 12 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണ സംഖ്യ കൂടാനാണ് സാധ്യത
p>9.4 കോടി ജനസംഖ്യയുള്ള ഹെനാനില്‍ കാലംതെറ്റിയുള്ള പെരുമഴയാണ് ജനജീവിതം തകിടം മറിച്ചത്.ചില അണക്കെട്ടുകള്‍ തകരുക കൂടി ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി. ല്യൂയാങ് പട്ടണത്തിലെ വലിയ അണക്കെട്ടില്‍ 20മീറ്റര്‍ വീതിയിലുള്ള വിള്ളല്‍ ഉണ്ടായി. അണക്കെട്ട് ഏത് സമയവും തകരാമെന്ന് പ്രദേശത്തെ സുരക്ഷാനിയന്ത്രണം ഏറ്റെടുത്ത സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷെങ്‌സു പട്ടണത്തിലെ മെട്രോ ട്രെയിനില്‍ വെള്ളം കയറിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത 24മണിക്കൂര്‍ കൂടി മധ്യ ചൈനയില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം
കനത്ത മഴയില്‍ ഇന്നര്‍ മംഗോളിയയില്‍ ഡാം തകര്‍ന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 1.6 ട്രില്യണ്‍ ക്യൂബിക് ഫീറ്റ് ജലം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഡാം തകര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ചൈനീസ് ജലമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് അധികൃതര്‍ വിശദീകരിച്ചത് അണക്കെട്ടിന്റെ താഴേക്കുള്ള ചരിവിന്റെ വലിയൊരു ഭാഗം തകര്‍ന്നുവീണെങ്കിലും അണക്കെട്ട് തകര്‍ന്നിട്ടില്ല എന്നാണ്. പതിനാലോളം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നദികള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപമുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായി. ആശയ വിനിമയ സംവിധാനങ്ങളും താറുമാറായി. പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചുപോയി. 60 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്‌സോയിലുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം സജീവമായി രംഗത്തുണ്ട്.