മൂന്ന് വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ,അനുമതി നൽകി ചൈന
ബെയ്ജിങ്: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളിൽ കൊറോണവാക് കോവിഡ് 19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിർമിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി സിനോവാക് ചെയർമാനാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്സിൻ കുത്തിവെക്കേണ്ടത് എന്നകാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ചൈനയിലെ ഗ്ലോബൽ ടൈംസ് റിപ്പോർട്ടു ചെയ്തു. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ സിനോവാക് പൂർത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേർ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്സിന് മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയർമാൻ യിൻ വെയ്ഡോങ് ടെലിവിഷൻ അഭിമുഖത്തിൽ അവകാശപ്പെട്ടു.
ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സന് ജൂൺ ഒന്നിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. രണ്ടാമത്തെ വാക്സിൻ ചൈനയുടെ വാക്സിൻ നയതന്ത്രം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
76.3 കോടി ഡോസ് കോവിഡ് വാക്സിനുകൾ ഇതുവരെ രാജ്യത്തുടനീളം കുത്തിവച്ചുവെന്നാണ് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ ഞായറാഴ്ച വ്യക്തമാക്കിയത്. അഞ്ച് വാക്സിനുകൾക്ക് ചൈന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള യജ്ഞത്തിലേക്ക് ഒരു കോടി ഡോസ് വാക്സിനുകൾ നൽകാമെന്ന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.