ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചു; ആരോപണവുമായി ചൈന
ബെയ്ജിങ്: ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന ആരോപണവുമായി ചൈന. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ സൈന്യം ഉന്നത തല യോഗം ചേരുകയും സംഘര്‍ഷം ലഘൂകരിക്കാന്‍ തീരുമാനമാവുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ജൂണ്‍ 15ന് ഇന്ത്യന്‍ സൈന്യം ആ സമവായം ലംഘിച്ചു. രണ്ടു തവണ അവര്‍ അതിര്‍ത്ത കടന്നു മുന്നോട്ടുവന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അവര്‍ വന്നത്. ചൈനീസ് സൈന്യത്തെ പ്രകോപിക്കുകയാണ് ഇന്ത്യന്‍ സൈനികര്‍ ചെയ്തതെന്ന് വിദേശകാര്യ വക്താവ് ആരോപിച്ചു. ഇന്ത്യ നടത്തിയ ആക്രമണമാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണമെന്ന് വക്താവ് പറഞ്ഞു.
നേരത്തെയുണ്ടായ സമവായ തീരുമാനം പാലിക്കാന്‍ ചൈന ഇന്ത്യയോട് വീണ്ടും ആവശ്യപ്പെടുകയാണെന്ന് ലിജിയാന്‍ പറഞ്ഞു. ഏകപക്ഷീയമായ നീക്കങ്ങള്‍ നടത്തരുത്. അതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നേരത്തെ ധാരണയായിട്ടുള്ളതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് സേന അറിയിച്ചിട്ടുള്ളത്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.