25.2 C
Kottayam
Thursday, May 16, 2024

അഫ്ഗാന്റെ വാണിജ്യ പങ്കാളി ചൈന,പാക്കിസ്ഥാന്‍ രണ്ടാം വീട്‌,പ്രഖ്യാപനവുമായി താലിബാന്‍,ആശങ്കയോടെ ഇന്ത്യ

Must read

കാബൂൾ: അഫ്ഗാനിസ്താന്റെ വികസന പ്രവർത്തനങ്ങൾക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തിൽ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താൻ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയൻ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് പറഞ്ഞു.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ താലിബാൻ പിന്തുണയ്ക്കും. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതിൽ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു.

അഫ്ഗാനിസ്താനിൽ വൻതോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികൾ ആധുനികവത്കരിക്കാനും പ്രവർത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാൻ കാണുന്നത്. മോസ്കോയുമായി നല്ല ബന്ധം നിലനിർത്തുമെന്നും താലിബാൻ വക്താവ് പറഞ്ഞു.

ഓഗസ്റ്റ് 15 നാണ് താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടൽ അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനിൽനിന്ന് പൂർണമായി പിന്മാറുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാൻ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാൻ വക്താവ് നേരത്തെ പറഞ്ഞിരുന്നു.

പാക്കിസ്ഥാനെ തങ്ങള്‍ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കിയിരുന്നു.അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനുമായി പാരമ്പരാഗതമായി തങ്ങള്‍ സൗഹൃദത്തിലാണ് കഴിയുന്നതെന്ന് സബീഹുള്ള പറഞ്ഞു. ഇരു രാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചു പോകുന്നവരാണ്. പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ ജനതയുടെ താല്‍പര്യം അനുസരിച്ച് ഇന്ത്യ അവരുടെ നയം വ്യക്തമാക്കുമെന്നാണ് വിചാരിക്കുന്നതെന്ന്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വേഗത്തില്‍ ചര്‍ച്ച നടത്തണമെന്നും തീരുമാനമെടുക്കണെന്നും സബീഹുള്ള ആവശ്യപ്പെട്ടു.സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അഫ്ഗാന്‍ മണ്ണില്‍ നിന്നുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ താലിബാന്റെ നയം വ്യക്തമാണ്. ഐഎസ് സാന്നിധ്യം അഫ്ഗാനില്‍ ഇല്ലെന്നും താലിബാന്‍ വക്താവ് അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week